പാലാ: മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം കോംപ്ലെക്സ്, അനുബന്ധ നിർമ്മിതികൾ എന്നിവയുടെ ഉദ്ഘാടനം 22നു 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കുമെന്ന് ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിജു ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം എൽ എ ശിലാഫലകം അനാച്ഛാദനം നിർവ്വഹിക്കും. എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് തുടങ്ങിയവർ പങ്കെടുക്കും.
അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണം നിർവ്വഹിച്ചത് കിറ്റ്കോ ലിമിറ്റഡാണ്. പാലാ നഗര ഹൃദയത്തിൽ പാലാ പഴയ ബസ് സ്റ്റാൻ്റിൻ്റെ എതിർ വശത്ത് മീനച്ചിലാറിനോട് ചേർന്നുള്ള ഗ്രീൻ ടൂറിസം കോംപ്ലെക്സാണ് പ്രധാന ആകർഷണം. ഇവിടേയ്ക്കുള്ള പാലം നിർമ്മിച്ചിരിക്കുന്നത് പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിലാണ്. പാരീസിലെ ലവ്റെ മ്യൂസിയത്തിൻ്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമ്മിതിയും ഇവിടെയുണ്ട്. തുറന്ന ലഘുഭക്ഷണശാല, ഓപ്പൺ കോൺഫ്രൻസ് ഏരിയ, റിവർവ്യൂയിംഗ് പ്ലാറ്റ്ഫോം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയവയും പദ്ധതിയെ ആകർഷകമാക്കുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും സായാഹ്നം ചിലവൊഴിക്കാൻ സാധിക്കും വിധമാണ് ഈ വിശ്രമസങ്കേതം നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ വകുപ്പ് നിർമ്മിക്കുന്ന ആദ്യ സംരംഭം കൂടിയാണ് പാലായിലെ പദ്ധതിയെന്നും സംഘാടകർ പറഞ്ഞു. കെ എം മാണിയുടെ കാലത്താണ് പദ്ധതിക്കു തുടക്കം കുറിച്ചത്.പിന്നീട് പദ്ധതിയുടെ പണികൾ ഇടയ്ക്കു തടസ്സപ്പെട്ടിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിനു ശേഷം പണികൾ പൂർത്തീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും കോർത്തിണക്കി സർക്യൂട്ടു മാതൃകയിൽ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ ടൂറിസം സർക്യൂട്ട് പദ്ധതി. പാലാ പ്രവേശന കവാടമായി വിഭാവനം ചെയ്തുകൊണ്ടാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 2013 ൽ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം നാലമ്പലം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രം, ഏഴാച്ചേരി ഉമാ മഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർകർത്തീകരിച്ചിരുന്നു. തുടർന്ന് 2017-ൽ ടൂറിസം മന്ത്രി ചെയർമാനായി ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റി പുന: സംഘടിപ്പിച്ചു. മീനച്ചിൽ താലൂക്കിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കുളമാവിലും കുമിളിയിലും പദ്ധതിക്കു ആവശ്യമായ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.