പാലാ: പാലാ തൻ്റെ ഹൃദയമാണെന്നും പാലായ്ക്കുവേണ്ടി എല്ലായിപ്പോഴും നിലകൊള്ളുമെന്നും മാണി സി കാപ്പൻ എം എൽ എ. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ഒന്നാം വാർഷികദിനത്തിൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പോസ്റ്റ് വൈറലായി മാറി.
പാലാക്കാരുടെ ഏതൊരാവശ്യത്തിനും താൻ ഒപ്പമുണ്ടാവുമെന്നും തൻ്റെ പ്രവർത്തനങ്ങളിൽ കുറവുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം കുറിച്ചു. അവ പരിഹരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ്. ക്രിയാത്മകമായ വിമർശനത്തെയും സ്വാഗതം ചെയ്യുകയാണ്. ജനപ്രതിനിധി എന്ന നിലയിൽ ഏതൊരാവശ്യത്തിനും നിങ്ങൾക്കു എന്നെ നേരിട്ടു സമീപിക്കാവുന്നതാണ്. അതിന് ആരുടെയും ശിപാർശയുടെ ആവശ്യമില്ലന്നും മാണി സി കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൂന്നു തവണ പരാജപ്പെട്ടപ്പോഴും പാലാക്കാർ നൽകിയ സ്നേഹവും പരിഗണനയുമാണ് നാലാമതും മത്സരിക്കാൻ തന്നെ പ്രാപ്തനാക്കിയത്. പാലായുടെ ഏതൊരു ആവശ്യങ്ങൾക്കൊപ്പം ഇക്കഴിഞ്ഞ ഒരു വർഷക്കാലം ഓരോ ദിവസവും എപ്പോഴും ഉണ്ടായിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഇനി തുടർന്നും നിങ്ങൾക്കൊപ്പം നിങ്ങളിൽ ഒരുവനായി ഉണ്ടാവുമെന്ന് ഞാൻ ഉറപ്പു നൽകുകയാണ്. നിങ്ങളുടെ ഉറച്ച പിന്തുണയാണ് എൻ്റെ ഊർജ്ജം എം എൽ എ വ്യക്തമാക്കി.
മാണി സി കാപ്പൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്നും
പാലായുടെ ജനപ്രതിനിധിയായി ഞാൻ സത്യപ്രതിജ്ഞ ചെയ്തിട്ടു ഇന്ന് ഒരു വർഷം തികയുകയാണ്. നിങ്ങളിൽ ഒരുവനായ എന്നെ നിങ്ങൾ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
നമ്മുടെ സ്വന്തം പാലായുടെ സമസ്ത മേഖലകളുടെയും സമഗ്ര വികസനം എൻ്റെ സ്വപ്നമാണ്. വികസനം നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളിൽ കൂടി എത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഒരു വർഷമെന്നത് വളരെ ചുരുങ്ങിയ കാലയളവാണ്. എങ്കിലും ഈ ചെറിയ കാലത്തിനുള്ളിൽ പാലായിൽ 400 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചു. പാലായുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പ്രത്യേക കരുതൽ നൽകിയിട്ടുണ്ട്.
ഏറെ കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്ന തോട്ടം പുരയിടം പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാനും വർഷങ്ങൾക്കു മുമ്പ് പൂട്ടിപ്പോയ മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സൊസൈറ്റി തുറക്കാനും സാധിച്ചു. പരിഹരിക്കപ്പെടാതെ കിടന്ന പാലാ ബൈപ്പാസ് പൂർത്തീകരിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. കളരിയാന്മാക്കൽ പാലം, അരുണാപുരം ബണ്ട് കം ബ്രിഡ്ജ് എന്നിവയും പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ആറു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി രാമപുരം കുടിവെള്ള പദ്ധതി, ചകണിയാംതടം പദ്ധതി, ചില്ലച്ചിപ്പാലം, കരിമ്പുകയം കുടിവെള്ള പദ്ധതി തുടങ്ങിയവയ്ക്ക് നടപടികൾ ആരംഭിക്കാൻ സാധിച്ചു.
വെള്ളപ്പൊക്കം തടയുന്നതിന് കൊല്ലപ്പള്ളി തോട് ശുചീകരണം സഹായമായിരുന്നു. ഇത് കണക്കിലെടുത്ത് രേഖയിൽ ഉള്ള അളവുകൾ പ്രകാരം മീനച്ചിലാറ് ഉൾപ്പെടെയുള്ള ജലസ്രോതസുകൾ എന്നിവ ശുചീകരിച്ചു സംരക്ഷിക്കാൻ നടപടി സ്വീകരിക്കും.
കുടിവെള്ളം, റോഡ്, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾക്കാണ് പരിഗണന നൽകുന്നത്. മണ്ഡലത്തിലെ മലയോര മേഖലകളിലെ പഞ്ചായത്തുകൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ചില പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഫയൽ നീങ്ങേണ്ട തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് അടക്കമുള്ള പല ഓഫീസുകളും അടച്ചിട്ടതാണ് കാരണം. എങ്കിലും ചൊവ്വാ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്തെത്തി സർക്കാരിൽ സമ്മർദ്ദം ചെലുത്താവാനും തുടർ നടപടികൾ നീക്കാനും സാധിക്കുന്നുണ്ട്.
നിങ്ങളുടെ സൗകര്യാർത്ഥം ആരംഭിച്ച എം എൽ എ ഓഫീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഷാളുകൾക്കു പകരം നിങ്ങൾ സമ്മാനിച്ച പേന, ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ അർഹമായ കൈകളിൽ തന്നെ എത്തിച്ചിട്ടുണ്ട്.
എൻ്റെ പിതാവ് ചെറിയാൻ ജെ കാപ്പൻ പകർന്നു നൽകിയ സേവനപാതയിലൂടെയാണ് ഞാൻ മുന്നോട്ടു പോകുന്നത്. എന്നെ വിജയിപ്പിച്ചത് നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ ഓരോരുത്തരുടേയും ഏതൊരാവശ്യത്തിനും താൻ ഒപ്പമുണ്ടാകും മാണി സി കാപ്പൻ പറഞ്ഞു.
മാണി സി കാപ്പൻ അഗതികൾക്കൊപ്പം
പാലാ: എം എൽ എ യായിസത്യപ്രതിജ്ഞ ചെയ്തതിൻ്റെ ഒന്നാം വാർഷികം മാണി സി കാപ്പൻ അഗതികൾക്കൊപ്പം ആഘോഷിച്ചു. കൊച്ചിടപ്പാടിയിലെ പൈകടാതുരാലയത്തിലാണ് ഒന്നാം വാർഷിക ദിനം ആഘോഷിച്ചത്. അഗതികൾക്കായി വിഭവസമൃദ്ധമായ സദ്യയും നൽകി.
മാണി സി കാപ്പനൊപ്പം ജെറി ജോസ് തുമ്പമറ്റം, വാർഡ് കൗൺസിലർ ടോണി തോട്ടം, ഷാർളി മാത്യു, എബി ജെ ജോസ്, തങ്കച്ചൻ മുളകുന്നം എന്നിവരും ഉണ്ടായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.