Subscribe Us



വാഹന പരിശോധന: മോട്ടോർവാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പുമായി മാണി സി കാപ്പൻ

പാലാ: വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പുമായി മാണി സി കാപ്പൻ എം എൽ എ. വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതികളും ലഭിച്ചിട്ടുണ്ട്‌.


നിസ്സാര കാരണങ്ങളുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ലെന്നു എം എൽ എ പറഞ്ഞു. പരിശോധനാ സമയത്ത് പൊതുജനത്തോടു മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളെ ദ്രോഹിക്കാനല്ല. ചിലയിടങ്ങളിൽ വിരോധ മനോഭാവത്തോടെ ആളുകളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിക്കുകയില്ല. ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെങ്കിൽ സംരക്ഷിക്കുകയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. പരിശോധന പീഡനമാകാൻ പാടില്ല. ഇക്കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments