Subscribe Us



പാലായുടെ ബൈപാസ് വികസനം അവസാനഘട്ടത്തിൽ


പാലാ: വർഷങ്ങളായി  നടപടി ഇല്ലാതെ കിടന്ന പാലാ ബൈപാസിൻ്റെ  അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. സ്ഥലം വിട്ടു നൽകുന്ന സ്ഥലമുടമകൾക്കു നൽകാനുള്ള തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ എത്തി. കളക്ട്രേറ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നഷ്ടപരിഹാര തുക സ്ഥലമുടമകളുടെ  അക്കൗണ്ടിലേയ്ക്ക്  നൽകുന്നതോടെ  ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പണികൾ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.  സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയുള്ള ഒന്നാം റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഏഴരക്കോടി രൂപയും റോഡ് നിർമ്മാണത്തിന് ഒരു കോടി പത്തുലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.രണ്ടാം റീച്ചിൽ ഉൾപ്പെടുന്നത് മരിയൻ ജംഗ്ഷനിലെ കെട്ടിടമുൾപ്പെട്ട ഭാഗമാണ്. ഇവിടെ കെട്ടിടമുൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിന്   നേരത്തെ അനുവദിച്ച തുകയ്ക്കൊപ്പം 65 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് 32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

മാണി സി കാപ്പൻ എം എൽ എ പ്രത്യേക താത്പര്യമെടുത്തതോടെയാണ് സർക്കാർ നടപടികൾക്കു വേഗം കൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം എടുക്കുകയും മന്ത്രി ജി സുധാകരനും നടപടികളിൽ പങ്കാളിയായി.

മുൻ മന്ത്രി കെ എം മാണിയുടെ കാലത്താണ് പാലായിൽ ബൈപാസ് ആരംഭിച്ചത്. ടൗണിൻ്റെ ഹൃദയഭാഗമായ ഈ ഭാഗത്തെ സ്ഥലമുടമകൾക്കു സ്ഥലമെടുക്കുമ്പോൾ കുറഞ്ഞ തുകയേ അന്ന് സർക്കാർ അനുവദിച്ചിരുന്നുള്ളൂ. ഇതേത്തുടർന്നു സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും ആരംഭിക്കുന്ന ഭാഗത്ത് ഉള്ള സ്ഥലമുടമകൾ സ്ഥലം വിട്ടു നൽകാതെ വന്നതോടെ ഈ ഭാഗത്തെ ഗതാഗതം ദുസ്സഹമായി. ഇവിടെ ഉൾപ്പെടെ 13 കുടുംബങ്ങൾക്കു കുറഞ്ഞ തുക അനുവദിച്ചപ്പോൾ മറ്റു സ്ഥലങ്ങളിൽ ഉയർന്ന തുക നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. ഇതോടെ സ്ഥലമുടമകൾ ഏറ്റെടുക്കലിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ നിന്നും പിന്നോട്ടു പോയി. ഇതോടെ ഈ ഭാഗത്തെ ഗതാഗതം ദുസ്സഹമായി. വ്യാപക പ്രതിഷേധം ഉയർന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തവണ മാണി സി കാപ്പൻ എം എൽ എ ആയതോടെ അദ്ദേഹം മുൻകൈയ്യെടുത്തതോടെയാണ് നടപടികൾ ആരംഭിച്ചത്. 

മുടങ്ങിക്കിടക്കുന്ന കളരിയാമ്മാക്കൽ കടവ് റോഡ്, രാമപുരം കുടിവെള്ളപദ്ധതി, അരുണാപുരം ബണ്ട് കം ബ്രിഡ്ജ്, ഇലവീഴാപൂഞ്ചിറ റോഡ് തുടങ്ങിയ പദ്ധതികളുടെ നടപടിക്രമങ്ങളും അവസാന ഘട്ടത്തിലാണ്.മീനച്ചിൽ സൊസൈറ്റിയുടെ പുനരുദ്ധാരണ നടപടികൾക്ക് സർക്കാർ പിന്തുണയോടെ തുടക്കം കുറിച്ചതായും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments