പാലാ: കോട്ടയം ജില്ലയിലെ ചെറുകിട കർഷകർക്കു തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കാർഷിക ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനും സഹായിക്കുന്നതിനായി ഫാംഫ്രണ്ട് എന്ന പേരിൽ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കെ ആർ നാരായണൻ്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. മൊബൈൽ ആപ്ലിക്കേഷൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.
രാജ്യത്തിൻ്റെ യശ്ശസ് വാനോളം ഉയർത്തിയ വിശ്വമലയാളിയായിരുന്നു കെ ആർ നാരായണനെന്ന് മാണി സി കാപ്പൻ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ ജന്മനാട്ടിലെ കർഷകർക്കു മൊബൈൽ ആപ്ലിക്കേഷൻ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, ബേബി സൈമൺ, തൊമ്മൻ ജോസ്, കെ ആർ സൂരജ് എന്നിവർ പ്രസംഗിച്ചു.
ഫാംഫ്രണ്ട് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആപ്ലിക്കേഷൻ ഉപജ്ഞാതാവ് തൊമ്മൻ ജോസ് എന്നിവർ അറിയിച്ചു. ആഡ്രോയിഡ് ഫോണുകളിലാണ് ആപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയിലാണ് സേവനം ലഭ്യമാക്കുന്നത്. തുടർന്നു സേവനം വ്യാപിപ്പിക്കും. ആപ്ലിക്കേഷനിൽ തങ്ങൾക്കു വിൽക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഉള്ള പഴം, പച്ചക്കറി ഉത്പന്നങ്ങൾ കർഷകർക്കു അവരവരുടെ ഫോൺ നമ്പർ സഹിതം ലിസ്റ്റ് ചെയ്യാനാകും. ഇതുവഴി നേരിട്ടു കച്ചവടം സാധ്യമാകുന്നതോടെ കർഷകർക്കു നേട്ടമുണ്ടാക്കാനാകും.
ആപ്പിൻ്റെ ഉപജ്ഞാതാവായ തൊമ്മൻ ജോസ് പാലാ ഇടപ്പറമ്പിൽ പ്രൊഫ ജോസ് ജോസഫിൻ്റെ പുത്രനും കോർപ്പറേറ്റ് ഫിലിം ഡയറക്ടറുമാണ്. കോവിഡ് തുടക്ക സമയത്ത് വീട്ടിൽ ഉത്പാദിപ്പിച്ച 70 കിലോ കപ്പ വിൽക്കാനായി കടകൾ കയറിയിറങ്ങിയെങ്കിലും നടക്കാതെ വന്നതോടെയാ ണ് ആപ്ലിക്കേഷൻ തയ്യാറാക്കിയതും കെആർ നാരായണനോടുള്ള ആദരസൂചകമായി ജന്മശതാബ്ദിയോടനുബന്ധിച്ചു ആപ്ലിക്കേഷൻ പുറത്തിറക്കുന്നതും.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.