കോട്ടയം: കെ എം മാണിയുടെ വിശ്വസ്തനും പാർട്ടി മുൻ ജില്ലാ പ്രസിഡൻ്റും യു ഡി എഫ് മുൻ ജില്ലാ ചെയർമാനുമായ ഇ ജെ ആഗസ്തി ജോസഫ് വിഭാഗത്തിൽ ചേർന്നു. കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് ഇ ജെ ആഗസ്തിയെ ഷാളണിയിച്ചു. ചടങ്ങിൽ തൻ്റെ നിലപാട് ഇ ജെ ആഗസ്തി വ്യക്തമാക്കി. ഐക്യജനാധിപത്യ മുന്നണിയോടൊപ്പം എക്കാലവും നിലകൊണ്ട ഒരാളാണ് താൻ. കോട്ടയം ജില്ലാ പഞ്ചായത്തിൽ സണ്ണി പാമ്പാടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കാൻ ധാരണ ഉണ്ടായിരിക്കെ അത് അട്ടിമറിക്കാൻ ചിലർ ശ്രമം നടത്തിയതായി അദ്ദേഹം ആരോപിച്ചു. വ്യക്തമായ കരാർ ഉണ്ടാക്കി പ്രസിഡൻ്റാവട്ടെ എന്ന് പറഞ്ഞ് കെ എം മാണി അനുഗ്രഹിച്ചതാണ്. എന്നാൽ ഈ തീരുമാനത്തെ അട്ടിമറിച്ചാണ് സക്കറിയാസ് കുതിരവേലിയെ പ്രസിഡൻ്റാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതേത്തുടർന്നാണ് താൻ പാർട്ടി ജില്ലാ പ്രസിഡൻ്റ് സ്ഥാനം രാജിവക്കാനുള്ള തീരുമാനം കെ എം മാണിയെ അറിയിച്ചത്. എന്തുകൊണ്ട് അങ്ങനെ ചെയ്തു, എന്തുകൊണ്ടങ്ങനെ ചെയ്തില്ല എന്നു ചോദിക്കാൻ താൻ മാണി സാറിന് ഇടവരുത്തിയിട്ടില്ലെന്നു ഇ ജെ ആഗസ്തി പറഞ്ഞു. താൻ രാജിവച്ചപ്പോൾ തന്നെ ഏറ്റവും വേദനിപ്പിച്ച സാഹചര്യമാണിതെന്നാണ് കെ എം മാണി അന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇത്രമാത്രം നാറിയ എന്ന പദം താൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, അതിൽ അൽപ്പം അസഭ്യം ഉള്ളതുകൊണ്ട് അത് ഉപയോഗിക്കുന്നില്ല, താനൊരു അധ്യാപകനാണ് എന്നു പറഞ്ഞ ആഗസ്തി അത്യന്തം ദുർഗന്ധം വമിക്കുന്ന മുന്നണിയിലേയ്ക്ക് പാർട്ടിയെ കൊണ്ട് എത്തിച്ച തീരുമാനത്തിൽ വേദനയുണ്ടെന്നു പറഞ്ഞു. താൻ എന്നും കേരളാ കോൺഗ്രസാണ്, കേരളാ കോൺഗ്രസ് മാണിയാണ്. മറുവശത്തുള്ള കേരളാ കോൺഗ്രസ് എം എന്നുള്ളത് കേരളാ കോൺഗ്രസ് മാർക്സിസ്റ്റാണെന്നും ഇ ജെ ആഗസ്തി പറഞ്ഞു.
സജി മഞ്ഞക്കടമ്പിൽ, ജോർജ് പുളിങ്കാട്, ജോസ്മോൻ മുണ്ടയ്ക്കൽ, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശ്ശേരിൽ തുടങ്ങിയവർ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.