Subscribe Us



കെ ആർ നാരായണൻ്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ സ്കൂളുകൾക്കും ലൈബ്രറികൾക്കും സൗജന്യമായി നൽകുന്നു


പാലാ: കെ ആർ നാരായണൻ രാഷ്ട്രപതിയായിരിക്കെ ഔദ്യോഗികമായി നടത്തിയ പ്രസംഗങ്ങളിൽനിന്നും തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹരണ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു. കെ ആർ നാരായണൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുന്നത് മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗിൻ്റെ കീഴിലുള്ള പബ്ളിക്കേഷൻ ഡിവിഷനാണ്.

രണ്ടു വാള്യങ്ങളിലായി 719 പേജുകളുള്ള  ഹാർഡ് ബൈൻഡ് ചെയ്ത പുസ്തകങ്ങൾക്ക് 875 രൂപ വിലയുണ്ട്. കെ ആർ നാരായണൻ്റെ 160 ൽ പരം പ്രസംഗങ്ങളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരള നിയമസഭയിൽ നൽകിയ സ്വീകരണം, പാലാ നഗരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം, ഉഴവൂരിൽ നൽകിയ സ്വീകരണം, നെടുമ്പാശ്ശേരി വിമാനത്താവള ഉദ്ഘാടനം എന്നീ അവസരങ്ങളിൽ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടൊപ്പം കെ ആർ നാരായണൻ നൽകിയ നിരവധി സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ ആർ നാരായണൻ്റെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ ആയിരത്തോളം പുസ്തകങ്ങൾ ഡിവിഷൻ കെ ആർ നാരായണൻ ഫൗണ്ടേഷന് കൈമാറി. കഴിഞ്ഞ ദിവസം തപാൽ മാർഗ്ഗം പുസ്തകങ്ങൾ പാലായിൽ എത്തി. നാലര ലക്ഷം രൂപ മതിപ്പുവിലയുള്ള പുസ്തകങ്ങൾക്ക് എല്ലാം കൂടി ആയിരം കിലോ തൂക്കമുണ്ട്.

കെ ആർ നാരായണൻ പഠിച്ച സ്കൂളുകൾക്കു പുസ്തകങ്ങൾ സമ്മാനിക്കും. കോട്ടയം ജില്ലയിലെ സ്കൂൾ, കോളജ്, പബ്ളിക് ലൈബ്രറികൾക്കും സൗജന്യമായി പുസ്തകങ്ങൾ നൽകും. പുസ്തകങ്ങൾ സൗജന്യമായി ലഭിക്കാൻ താത്പര്യമുള്ള ലൈബ്രറികൾ krnfoundation2005@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന്  ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

Post a Comment

0 Comments