പാലാ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 മാസമായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായി മാണി സി കാപ്പൻ എം എൽ എ പാലാ മണ്ഡലത്തിൽ വികസന വിളംബരജാഥ നടത്തുന്നു. പാലായിൽ തുടർന്നു നടപ്പാക്കേണ്ട വികസന പദ്ധതികളെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായം ജാഥക്കിടെ ശേഖരിക്കും. ഇതോടൊപ്പം ജനങ്ങളുടെ പരാതികളും എം എൽ എ സ്വീകരിക്കും.
ഫെബ്രുവരി 10 മുതൽ 24 വരെയുള്ള തിയതികളിലാണ് പാലാ മണ്ഡലത്തിൽ ജാഥ നടത്തുന്നത്. പത്താം തിയതി രാവിലെ 8 -ന് തലനാട്ടിൽ ജാഥയ്ക്കു തുടക്കം കുറിക്കും. 24 നു പാലായിൽ സമാപിക്കും. ഞാറാഴ്ചകളിൽ ജാഥ ഉണ്ടായിരിക്കില്ല. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കിയാവും സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വിളംബരജാഥ നടത്തുന്നത്. ഒരു പഞ്ചായത്തിൽ ഒരു ദിവസം എന്ന രീതിയിലാണ് ജാഥ ക്രമീകരിക്കുന്നത്.
മലയോരമേഖലയ്ക്കു നൽകിയ പരിഗണന, തോട്ടം പുരയിടം പ്രശ്ന പരിഹാരം, പാലാ ബൈപാസ്, കളരിയാമ്മാക്കൽ പാലം റോഡ്, അരുണാപുരം ചെക്ക്ഡാം തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണ നടപടികൾ, രാമപുരം കുടിവെള്ളപദ്ധതി, കരിമ്പുകയം കുടിവെള്ള പദ്ധതി തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ ജാഥയിൽ ചർച്ച ചെയ്യും.
മാണി സി കാപ്പൻ എം എൽ എ നയിക്കുന്ന വികസന വിളംബരജാഥയുടെ വിജയത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എൻ സി പി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻ്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം, ബേബി ഈറ്റത്തോട്ട്, കണ്ണൻ ഇടപ്പാടി, ടോം നല്ലനിരപ്പേൽ, അപ്പച്ചൻ ചെമ്പൻകുളം, താഹ തലനാട്, ഷിനോ മേലുകാവ്, ഉണ്ണി മുട്ടം, മാത്യൂസ് പെരുമനങ്ങാട്, റോയി നാടുകാണി, രജനി സുനിൽ, ബേബി കദളിക്കാട്ട്, നിഷാ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.