Subscribe Us



ജി.എസ്.ടി. പിടിമുറുക്കുന്നു



തോമസ് മാത്യു

Reg. ജി.എസ്.ടി. പ്രാക്ടീഷണര്‍

2017 ജൂലൈ ഒന്നാം  തീയതി ഇന്ത്യയില്‍ ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ ഞാനോര്‍ക്കുന്നു നികുതി പിരിച്ചെടുക്കാനുള്ള ജി.എസ്.ടി. പോര്‍ട്ടലിന്റെ അവസ്ഥ, ഒരു ക്വാര്‍ട്ടര്‍പേജ് ഫോട്ടോയും ഏതാനും ലിങ്കുകളും മാത്രം. എന്നാല്‍, ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. പഴുതടച്ച സംവിധാനങ്ങളാണ് ഇപ്പോള്‍ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഈ കോവിഡ് കാലം ഏതായാലും സര്‍ക്കാരിനും സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോസിസിനും ഇരുന്നുചിന്തിക്കാനുള്ള സമയം കിട്ടി.

വാറ്റ് നിയമം കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ ഏതാണ്ടു രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവന്നു സൈറ്റ് ഡെവലപ് ചെയ്യാന്‍. അതിലും ബൃഹത്തായ ഈ നികുതി സമ്പ്രദായത്തിന് 3 വര്‍ഷം എടുത്തത് അധികമല്ല. ജി.എസ്.ടി. നടപ്പിലാക്കി ആദ്യകാലങ്ങളില്‍ അടിക്കടി പരിഷ്‌കാരങ്ങള്‍ വരുത്തുകയും, പ്രാക്ടിക്കലായി പരാജയപ്പെടുകയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറുചോദ്യങ്ങള്‍ ഇല്ലാത്ത നിയമാനുഷ്ഠിതമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 2020 ലെ നികുതിവരുമാനം വര്‍ധിച്ചതായുള്ള കണക്കുകള്‍ ഇതിന്  അടിവരയിരുന്നു. 1,15,174 കോടി രൂപയിലേക്കെത്തി റിക്കാര്‍ഡിട്ടു. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതികളില്‍ സൈറ്റ് കിട്ടാതെ വരുന്ന പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമായിട്ടുണ്ട്.

റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ വ്യാപാരികളും, ഞങ്ങള്‍ ടാക്‌സ് പ്രാക്ടീഷണര്‍മാരും നട്ടംതിരിയുകയാണ്. സമയബന്ധിതമായി ഓരോ റിട്ടേണുകളും ചെയ്യേണ്ടതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ഈ കോവിഡ് മഹാമാരി സമയത്ത് റിട്ടേണ്‍ തീയതികളിലും, ഫൈന്‍, പെനാല്‍റ്റി ഇവയിലും അല്പംപോലും അയവു വരുത്താത്തതില്‍ വ്യാപാരികളില്‍ കടുത്ത സമ്മര്‍ദവും പ്രതിഷേധവുമുണ്ട്. ഈ വരുന്ന ഫെബ്രുവരി 26 നു വ്യാപാരികള്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

ഒരു വര്‍ഷം 5 കോടിയില്‍ താഴെ ടേണോവര്‍ ഉള്ള വ്യാപാരികള്‍ക്ക് റിട്ടേണ്‍ സംവിധാനങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ കാര്യമായ നേട്ടം ഇല്ല എന്നതിലുപരി  ഒരു വിധം കൃത്യമായി പോയിക്കൊണ്ടിരിക്കുന്ന റിട്ടേണ്‍ കൂടി കുഴപ്പത്തിലാകും എന്നതു തീര്‍ച്ചയാണ്. QRMP എന്ന പുതിയ റിട്ടേണ്‍ സംവിധാനം കേരള സര്‍ക്കാരിന്റെ BVQ ആപ്പിനേക്കാള്‍ കഷ്ടം തന്നെ. കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ IFF, AOP തുടങ്ങിയ സൗകര്യങ്ങളും  ഇതിന്റെ ഭാഗമായി ജി.എസ്.ടി പോര്‍ട്ടലില്‍ വന്നിട്ടുണ്ട്. ശരിയാണ് ഇത് ഒരു കാല്‍പ്പന്ത് കളിയാണ് (IFF), അല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മാച്ചാണ് (AOP). വ്യാപാരികളെ കുഴപ്പത്തിലാക്കി സര്‍ക്കാര്‍ പിഴ, പലിശ ഇനത്തില്‍ ഗോളടിക്കുകയാണ്.


Mobile: 9387620871


Post a Comment

0 Comments