മുംബൈയിൽ ബാർജ് അപകടത്തിൽപ്പെട്ട വള്ളിച്ചിറ നെടുമ്പള്ളിൽ ജോയൽ നിയുക്ത എം എൽ എ മാണി സി കാപ്പനുമായി വാട്ട്സ്ആപ്പ് കോളിൽ സംസാരിക്കുന്നു.
പാലാ: ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയുമായി നിയുക്ത എം എൽ എ മാണി സി കാപ്പന് ജോയൽ ജെയിസൻ്റെ ഫോൺവിളിയെത്തി. ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽ കാണാതായ വള്ളിച്ചിറ നെടുമ്പള്ളിൽ ജോയലിനെക്കുറിച്ച് ആശങ്കയിലായ കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ ആദ്യം ഇടപെട്ടത് മാണി സി കാപ്പനായിരുന്നു.
വിവരമറിഞ്ഞ ഉടൻ മാണി സി കാപ്പൻ തൻ്റെ സുഹൃത്തായ ഇന്ത്യൻ നേവിയിലെ സെക്കൻ്റ് കമാൻറൻറായ മാത്യൂസ് ലാത്തറയെ വിവരം ധരിപ്പിച്ചു. ഇദ്ദേഹമാണ് ജോയൽ സുരക്ഷിതനായിരിക്കുന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് അദ്ദേഹത്തിൻ്റെ ഫോണിലൂടെ വീട്ടുകാരോട് സംസാരിക്കാനും അവസരം നൽകി.
പിന്നീട് ജോയലിൻ്റെ മാതൃസഹോദരനും മുംബൈ അന്തേരി ഈസ്റ്റ് ഹോളിസ്പിരിറ്റ് ഹോസ്പിറ്റലിലെ ചാപ്ലിനും കൗൺസിലറുമായ ഫാ ജോമോൻ തട്ടാമറ്റത്തിന് ജോയലിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭ്യമാക്കിയതും മാണി സി കാപ്പൻ്റെ ആവശ്യപ്രകാരം മാത്യൂസ് ലാത്തറ ആയിരുന്നു.
ഫാ ജോമോൻ ഇന്നലെ ജോയലിനെ വീണ്ടും സന്ദർശിക്കാനെത്തിയപ്പോഴാണ് വാട്ട്സ്ആപ്പ് കോളിലൂടെ ജോയൽ നിയുക്ത എം എൽ എ യ്ക്കു നന്ദി പ്രകാശിപ്പിച്ചത്. തൻ്റെ ഫോണും പാസ്പോർട്ടും സർട്ടിഫിക്കേറ്റുകളും അടക്കം എല്ലാം അപകടത്തിൽ നഷ്ടപ്പെട്ടതായി ജോയൽ എം എൽ എ യോട് പറഞ്ഞു. കാലിൽ നേരിയ പരിക്കു മാത്രമേ സംഭവിച്ചിട്ടുള്ളൂ. മാണി സി കാപ്പൻ്റെ അവസരോചിതമായ ഇടപെടൽമൂലമാണ് വീട്ടുകാരുടെ ആശങ്ക ഒഴിവായതെന്നും ജോയൽ കൂട്ടിചേർത്തു. ആവശ്യമായ എന്തു സഹായവും ജോയലിന് മാണി സി കാപ്പൻ വാഗ്ദാനം ചെയ്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.