പാലാ: കോവിഡ് രണ്ടാം തരംഗം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച കടാശ്വാസ നടപടികൾ സംസ്ഥാനത്ത് പരമാവധി ആളുകൾക്ക് ലഭ്യമാക്കുവാൻ വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. വ്യാപാരികൾക്കും ചെറുകിട - ഇടത്തര വ്യവസായികൾക്കും ആണ് നിലവിൽ വായ്പാ പുന ക്രമീകരണവും രണ്ടു വർഷം വരെയുള്ള മോറട്ടോറിയം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ കർഷകർക്ക് കൂടി ലഭ്യമാക്കണം എന്ന ആവശ്യവും മാണി സി കാപ്പൻ ഉന്നയിച്ചു. സംസ്ഥാനത്ത് ബാങ്കുകൾ ഇത് കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും പരമാവധി ജനങ്ങളിലേക്ക് ഈ ആനുകൂല്യങ്ങൾ എത്തിച്ചേരുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് കത്ത് നൽകി.
ഈ മാസം അഞ്ചാം തീയതിയാണ് റിസർവ് ബാങ്ക് കടാശ്വാസനടപടികൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30 വരെയാണ് പദ്ധതി പ്രകാരം വായ്പകൾ പുനക്രമീകരിക്കാനും ദീർഘകാല മൊറട്ടോറിയം അനുവദിച്ചുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും റിസർവ് ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് അധിക വായ്പ നൽകുവാനും റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.