ഇത് വായിക്കുന്നവരിൽ ചിലർക്കെങ്കിലും അറിയാവുന്ന കാര്യമാണ്. എങ്കിലും ഇതേക്കുറിച്ച് അറിയാത്തവർക്കായിട്ടാണ് ഇത് കുറിക്കുന്നത്.
ഇന്നലെ (31/05/2021) രാത്രി പത്ത് മണിയോടെ പാലാ മുനിസിപ്പാലിറ്റി എട്ടാം വാർഡ് കൗൺസിലർ സിജി ടോണി തോട്ടം വിളിച്ചു. മൂന്നാനിയിൽ ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നു. വനംവകുപ്പിൻ്റെ സഹായം കിട്ടാൻ സാധിക്കുമോ എന്നറിയാനായിരുന്നു വിളി. ശ്രമിക്കാമെന്നും തിരിച്ചുവിളിക്കാമെന്നും അറിയിച്ചു.
സർക്കാർ സംവീധാനമാണ്. സമയം രാത്രി പത്ത് മണി കഴിഞ്ഞു. വനംവകുപ്പിലേയ്ക്ക് വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നാമത്തെ ബെല്ലിൽ ഫോണെടുത്തു. കാര്യം പറഞ്ഞു. ഉടൻ തന്നെ കോട്ടയത്തുള്ള ഒരു നമ്പർ തന്നു. അവിടെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഉടൻ തന്നെ ഒരാൾ വിളിക്കുമെന്നും ലൊക്കേഷൻ പറഞ്ഞുകൊടുക്കണമെന്നും അറിയിച്ചു.
ഒട്ടും താമസിച്ചില്ല. ദാ വരുന്നു കോൾ. ജോസഫ് തോമസ് എന്നയാൾ വിളിച്ചു. ലൊക്കേഷൻ ചോദിച്ചു. പത്തു മിനിറ്റിനുള്ളിൽ എത്തുമെന്നു പറഞ്ഞു. ഇക്കാര്യം കൗൺസിലറെ അറിയിച്ചെങ്കിലും വിശ്വാസമാകാത്തതിനാൽ പത്തു മിനിറ്റിനുള്ളിലോ എന്ന് സംശയം പ്രകടിപ്പിച്ചു. വരും എത്തിയില്ലെങ്കിൽ വിളിക്കൂ എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മനു എന്നൊരാൾ വിളിച്ചു എത്തിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. അപ്പോഴേയ്ക്കും ചെറിയ തോതിൽ മഴ ആരംഭിച്ചു. പെരുമ്പാമ്പ് അനങ്ങാൻ തുടങ്ങിയെന്നു പറഞ്ഞു വീണ്ടും കൗൺസിലറുടെ വിളി വന്നു. ഉടൻ വിളിക്കാമെന്ന് പറഞ്ഞു കട്ടു ചെയ്തു മനുവിനെ വിളിച്ചു. ദാ എത്തിപ്പോയി എന്ന് പറഞ്ഞു. ഫോൺ കട്ടാക്കിയ ഉടനെ കൗൺസിലറുടെ വിളി വന്നു. ആളെത്തി എന്നറിയിക്കാനായിരുന്നു. ഏകദേശം പത്ത് മിനിറ്റിനുള്ളിൽ അവർ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയി.
കേരള വനം വകുപ്പ് സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്നത്. ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ മനുഷ്യനു ഉപദ്രവമില്ലാത്ത വിധം വനങ്ങളിലും മറ്റും കൊണ്ടുപോയി തുറന്നു വിടുകയാണ് ചെയ്യുന്നത്.
ഏതു പാതിരായ്ക്കു വിളിച്ചാലും ഓടി എത്തുന്ന നിരവധി സന്നദ്ധ പ്രവർത്തകരാണ് വനം വകുപ്പുമായി ചേർന്നു പ്രവർത്തിക്കുന്നത്. ഇവരെല്ലാം യാതൊരു പ്രതിഫലവും കൂടാതെയാണ് പ്രവർത്തിക്കുന്നത്. ഇവർക്കു പാമ്പ് പിടുത്തത്തിൽ പരിശീലനം നൽകി ലൈസൻസും ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിൽ ഓരോ 20 കിലോമീറ്റർ ചുറ്റളവിലും പത്തും പന്ത്രണ്ടും സന്നദ്ധ പ്രവർത്തകർ ഉണ്ട്. ഇവർ വഴിയാണ് പാമ്പ് പിടുത്തം നടപ്പാക്കി വരുന്നത്.
ഇതിനായി സർപ്പ എന്ന പേരിൽ ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്നേക്ക് അവേർനസ് റെസ്ക്യൂ ആൻ്റ് പ്രൊട്ടക്ഷൻ ആപ്പ് എന്നതാണ് ഇത്. ഇതും സന്നദ്ധ പ്രവർത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയും വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നമുക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നമ്മുടെ വീട്ടിലോ പറമ്പിലോ ഒക്കെ പാമ്പുകളെ കണ്ടാൽ ഈ ആപ്പിലൂടെ വിവരം അറിയിച്ചാൽ പരമാവധി വേഗത്തിൽ സന്നദ്ധ പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുന്നതാണ്. സന്നദ്ധ പ്രവർത്തകർക്കു അസൗകര്യം നേരിട്ടാൽ പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടും.
പാമ്പുകളുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ഈ ആപ്പിൽ ലഭിക്കും. ആളുകൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ ആപ്പ്.
എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ ആപ്പിലൂടെ വിവരമറിയിച്ചാൽ സന്നദ്ധ പ്രവർത്തകർ എത്തി പിടികൂടും.
ഇതിൻ്റെ പ്രവർത്തനങ്ങൾ കോട്ടയത്ത് ക്രോഡീകരിക്കുന്നത് അബീഷ് കെ എ ആണ്. അദ്ദേഹത്തെ +918943249386 എന്ന നമ്പരിൽ വിളിച്ചറിയിച്ചാലും നടപടി ഉറപ്പ് തന്നിട്ടുണ്ട്. കേരളത്തിലെവിടെ ആവശ്യമുണ്ടെങ്കിലും ഈ നമ്പരിൽ അറിയിച്ചാൽ അദ്ദേഹം അതത് സ്ഥലത്തെ ആളുകൾക്ക് വിവരം കൈമാറിക്കൊള്ളും.
വനംവകുപ്പിനും ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും
ആശംസകൾ
.എബി ജെ ജോസ്




0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.