Subscribe Us



ഡോക്ടർമാർക്കെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ നിൽപ്പ് സമരം

പാലാ: അടുത്തകാലത്തായി ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടു ഡോക്ടർമാർ ഐ എം എ യുടെ നേതൃത്വത്തിൽ പ്രതിഷേധദിനമാചരിച്ചു. കോവിഡ് മഹാമാരിയിൽ രോഗി പരിചരണത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലാണ് അക്രമങ്ങൾ അരങ്ങേറുന്നതെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി. ആസാമിലും കർണാടകത്തിലും തമിഴ്നാട്ടിലും ഒക്കെ ഡോക്ടർമാരെ തല്ലിച്ചതയ്ക്കുന്ന കാഴ്ചകൾ നാം കാണുമ്പോഴും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

മാവേലിക്കര ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഡോക്ടറുടെ കരണത്തടിച്ച നീതിപാലകനെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ മടികാണിക്കുന്ന അവസ്ഥ നിലവിലുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. തെളിവുകൾ സഹിതം, ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ ഫയൽ ചെയ്തിട്ടു പോലും ഒരു മാസത്തിലേറെയായി പ്രസ്തുത പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് ആരോപിച്ചു.

മനസ്സമാധാനത്തോടെ രോഗികളെ പരിശോധിക്കാൻ ചികിത്സിക്കാൻ  സാധിക്കാത്ത ഒരു അന്തരീക്ഷം ഇന്ന് കേരളത്തിലെ ആശുപത്രികളിൽ നിലനിൽക്കുന്നു. ഇത്തരമൊരു അരക്ഷിതാവസ്ഥ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല.

ശക്തമായ ഒരു ആശുപത്രി സംരക്ഷണ നിയമം നിലവിൽ ഉണ്ടായിട്ടും കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ല. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുകയേ ഇതിനൊരു മർഗ്ഗമുള്ളൂ. അതുപോലെതന്നെ സർക്കാർ സുരക്ഷാസംവിധാനങ്ങൾ, പോലീസ് ഔട്ട്പോസ്റ്റ് അടക്കം എല്ലാ ആശുപത്രികളിലും ഉണ്ടാവണമെന്ന് ഡോക്ടർമാർ ആവശ്യമുന്നയിച്ചു. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതാണ്. അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥൻ മാർക്കെതിരെ കർശന നടപടികൾ എടുക്കുകയും വേണം.

ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ  അഖിലേന്ത്യാ വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ എല്ലാ സഹോദര സംഘടനകളുമായി ഒത്തു ചേർന്ന്, കേരളത്തിലെ എല്ലാ ആശുപത്രികളിലും ഒപ്പം ജില്ലാ,  സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നിൽപ്പ് സമരങ്ങൾ നടത്തി ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനായി സർക്കാരിനെ നിർബന്ധിക്കുന്ന പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

പ്രതിക്ഷേധത്തിൽ പാലാ ഐ എം എ യുടെ നേതൃത്വത്തിൽ പാലായിലെയും സമീപപ്രദേശത്തെയും  ഡോക്ടർമാർ പങ്കെടുത്തു  സമരങ്ങൾക്ക് ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ ജോസ് കോക്കാട്, സെക്രട്ടറി, ഡോ  സേതു  സ്റ്റീഫൻ, ഐ എം എ നേതാക്കളായ  ഡോ സിറിയക് തോമസ്, ഡോ ജോർജ് എഫ് മൂലയിൽ, ഡോ ജി ഹരീഷ് കുമാർ, ഡോ മാത്യു തോമസ് എന്നിവർ നേതൃത്വം  നൽകി.

Post a Comment

0 Comments