Subscribe Us



സുഭാഷ്‌ ചന്ദ്രബോസിനെ മറന്നതാണ് കമ്മുണിസ്റ്റുകാര്‍ ചെയ്ത മഹാപരാധം: ജി ദേവരാജന്‍

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു പുതിയ ദിശാബോധം നല്‍കിയ നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ മറക്കുകയും അദ്ദേഹത്തിന്‍റെ സംഭാവനകളെ തമസ്ക്കരിക്കുവാനും ശ്രമിച്ചതാണ് ഇന്ത്യന്‍ കമ്മുണിസ്റ്റുകാര്‍ ചെയ്ത മഹാപരാധമെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം ദിനാഘോഷത്തോടനുബന്ധിച്ചു കേന്ദ്ര തൊഴിലാളി സംഘടനയായ ടി.യു.സി.സി. കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സാധ്യതകളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനനുകൂലമായി പ്രയോജനപ്പെടുത്താന്‍ നേതാജി സ്വീകരിച്ച മാര്‍ഗ്ഗങ്ങളില്‍ പ്രധാനമായ ഐ.എന്‍.എയുടെ രൂപികരണവും താത്ക്കാലിക സ്വതന്ത്ര ഇന്ത്യാ സര്‍ക്കാരിന്‍റെ സ്ഥാപനവും ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് മാതൃകയാക്കാമായിരുന്ന സായുധസമര മാര്‍ഗ്ഗങ്ങളായിരുന്നു അവ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ പദം രാജിവച്ച് ഇടതുപക്ഷ ഏകോപനത്തിനായി ഫോര്‍വേഡ് ബ്ലോക്ക് രൂപികരിച്ച സുഭാഷ്‌ചന്ദ്രബോസിന്‍റെ രാഷ്ട്രീയ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായില്ല. ഇറക്കുമതി ചെയ്യുന്ന സോഷ്യലിസ്റ്റ്‌ വിപ്ലവ മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയ്ക്ക് അനുരൂപമല്ലെന്നും മത-ദൈവ വിശ്വാസങ്ങള്‍ രൂഢമൂലമായ, മുതലാളിത്വം ശക്തിപ്രാപിച്ചു വരുന്ന, നവ സാമ്രാജ്യത്ത്വ ശക്തികളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന ഇന്ത്യക്ക് അനുയോജ്യമായ സോഷ്യലിസ്റ്റ്‌ വിപ്ലവ മാര്‍ഗ്ഗങ്ങളും നടത്തിപ്പുരീതികളും നമ്മള്‍ തന്നെ വളര്‍ത്തിയെടുക്കണമെന്ന ബോസിന്‍റെ കാഴ്ചപ്പാടിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുകയായിരുന്നു. നേതാജിയെ ആക്ഷേപിച്ചു നാടകങ്ങളും ഗാനങ്ങളും ലേഖനങ്ങളും എഴുതി പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ വളര്‍ന്നു വരേണ്ടുന്ന ഇടതുപക്ഷത്തിന്‍റെ ഇടമാണ് നഷ്ടപ്പെടുത്തിയത്. 

ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും വെല്ലുവിളികളെ നേരിടുന്ന വര്‍ത്തമാനകാലത്ത് നേതാജിയുടെ രാഷ്ട്രീയ തത്ത്വദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ നേതാജിയെ മാതൃകയാക്കി ഒരുമിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു. ടി.യു.സി.സി ദേശീയ പ്രസിഡന്റ്‌ പ്രബീര്‍ ബാനര്‍ജീ (ബംഗാള്‍) അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി.ആര്‍.ശിവശങ്കര്‍ (കര്‍ണാടക) സ്വാഗതം ആശംസിച്ചു.

Post a Comment

0 Comments