പാലാ : മലയാള വർഷ ആരംഭമായ ചിങ്ങം ഒന്ന് കേരള കർഷക ദിനത്തിൽ ഇൻഫാം കോട്ടയം ജില്ലാഘടകം പാലായിൽ കർഷക അവകാശ ദിനം ആചരിച്ചു. പാലാ രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ കേരള സർക്കാരിന് സമർപ്പിക്കുന്ന കർഷക അവകാശ പ്രഖ്യാപനം നടത്തി.
കർഷകരെ തള്ളിപ്പറയുന്നവർ രാജ്യത്തെയാണ് തള്ളിപ്പറയുന്നതെന്നും കർഷകന്റെ ഹൃദയം തകർത്താൽ രാജ്യത്തിന്റെ നെഞ്ചാണ് ഉരുകുന്നതെന്നും ബിഷപ്പ് കല്ലറങ്ങാട്ട് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഇക്കോണമിയും ഇക്കോളജിയും സന്തുലിതമായി നിലനിൽക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ ശ്രദ്ധിക്കണം. കേരളത്തിന്റെ കൃഷിക്ക് അനുയോജ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പൂർവികർ കാത്തുസൂക്ഷിച്ച കാർഷിക സംസ്കാരം നിലനിർത്താനും നാണ്യവിളകളും ഭക്ഷ്യ വിളകളും കേരളത്തിൽതന്നെ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാനും കർഷകരെയും യുവാക്കളെയും ഗവൺമെന്റ്കൾ പ്രത്യേകം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷ്യദാരിദ്ര്യമുള്ള നാട് എന്ന നിലവിലെ അവസ്ഥയിൽ നിന്നും ഭക്ഷ്യ സമൃദ്ധിയുള്ള നാട് എന്ന സ്വയം പര്യാപ്തതയിലേക്ക് നമ്മുടെ സംസ്ഥാനം വളരണമെങ്കിൽ കർഷകരുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു. കർഷക അവകാശ സംരക്ഷണം കർഷകരുടെ മാത്രമല്ല എല്ലാവരുടെയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഫാം പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ, സോഷ്യൽ സർവീസ് അസി. ഡയറക്ടർ ഫാ. ജോബി താഴത്തുവരിക്കയിൽ, ഇൻഫാം അസി. ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് മാത്യു മാംപറമ്പിൽ, സെക്രട്ടറി ബേബി പന്ത പ്പള്ളി, സണ്ണി മുത്തോലപുരം, ജെയിംസ് ചൊവ്വറ്റുകുന്നേൽ, ജെയിംസ് താന്നിക്കൽ, മറ്റു സമിതി അംഗങ്ങൾ, പി എസ് ഡബ്ലിയു എസ് പ്രതിനിധി ശ്രീ ഡാന്റിസ് കൂനാനിക്കൽ, എസ് എം വൈ എം പ്രതിനിധി മനു മാളികപ്പുറത്ത്, ബ്ര. സേവ്യർ മുക്കുടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കർഷക പ്രതിനിധികളും യുവാക്കളുടെ പ്രതിനിധികളും പ്ലക്കാർഡുകളുമായി അണിനിരന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.