രാമപുരം : വാഹനങ്ങളിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിൽപ്പന രാമപുരം ടൗൺ ഭാഗങ്ങളിൽ അനുവദിയ്ക്കരുതെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട പരാതി യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന് നൽകി. യൂണിറ്റ് സെക്രട്ടറി എം.ആർ. രാജു, ഏരിയാ ജോ. സെക്രട്ടറി അശോക് കുമാർ, യൂണിറ്റ് ട്രഷറർ ഷിജു തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന വ്യാപാരി സമൂഹം ലൈസൻസും അനുബന്ധ രേഖകളും സംഘടിപ്പിച്ചും കെട്ടിടത്തിന് ഭീമമായ വാടക നൽകിയുമാണ് കച്ചവടം നടത്തുന്നത്. കൂടാതെ കൊവിഡ് മഹാമാരി മൂലം കച്ചവടത്തകർച്ചയും ഏറെ പ്രതിസന്ധിയുമാണ് വ്യാപാരി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവർ ടൗൺ ഭാഗത്ത് വാഹനത്തിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽപ്പന നടത്തുന്നത്. അതുകൊണ്ട് വാഹനത്തിൽ വച്ചുള്ള ഇത്തരം കച്ചവടങ്ങൾ രാമപുരം ടൗൺ ഭാഗങ്ങളിൽ അനുവദിക്കരുതെന്നും നിശ്ചിത ദൂരത്തിൽ ടൗൺ ഭാഗത്തു നിന്നും മാറി കച്ചവടം നടത്താൻ അവർക്ക് അനുമതി നൽകണമെന്നും പരാതിയിൽ പറയുന്നു. അധികൃതർ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രനും സെക്രട്ടറി എം.ആർ. രാജുവും അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.