ഇരുവരും വത്തിക്കാനിൽ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ഭൂമി നേരിടുന്ന ഗുരുതര കാലാവസ്ഥ പ്രതിസന്ധികൾ, ലോക ജനത നേരിടുന്ന ദാരിദ്ര്യം തുടങ്ങിയവ ഇല്ലാതാക്കുന്നതു ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം സന്ദർശക സംഘത്തിലുണ്ടായിരുന്നു.മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയിരിക്കുന്നത്.
മാർപാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിക്കാത്തതിൽ ക്രൈസ്തവർക്കിടയിൽ നീരസം നിലനിന്നിരുന്നു. ഇന്ത്യയിലേയ്ക്കു വരാത്തതിനെക്കുറിച്ചു ചോദിച്ച വേളയിൽ ഇന്ത്യയിലേക്ക് ക്ഷണിച്ചാൽ എത്തുമെന്ന മറുപടി നേരത്തെ മാർപാപ്പ നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ നടപടിയെ ഇന്ത്യയിലെ ക്രൈസ്തവ നേതൃത്വം സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് വത്തിക്കാനിൽ നൽകിയത്.
മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
നേരത്തേ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജറാൾ, എ.ബി.വാജ്പേയി എന്നിവരും അതത് സമയങ്ങളിൽ മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ചിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.