പാലാ: പാലായിലെ റോഡ് മെയിൻറനൻസ് വർക്കുകൾ ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സ്റ്റേഡിയം ജംഗ്ഷനു മുന്നിലെ വലിയ കുഴിയിൽ വാഴ നട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സ്ഥലം എംഎൽഎ ഇടപെട്ട് റോഡ് മെയിൻറനൻസിനുള്ള ഫണ്ട് അനുവദിക്കുകയും, ടെൻഡർ നടപടികൾ പൂർത്തിയാക്കി വർക്ക് അവാർഡ് ചെയ്യുകയും ചെയ്തതിനുശേഷം പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചില സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ മനപ്പൂർവ്വം നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും ആണ് എന്ന് ആരോപിച്ചാണ് സമരം നടത്തിയത്.
വാഴ നട്ടതിനുശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു. തുടർന്ന് നടത്തിയ ചർച്ചകളിൽ മഴ മൂലമാണ് വർക്കുകൾ വൈകുന്നതെന്നും, നാല് ദിവസം എങ്കിലും മഴ മാറി നിന്നാലേ ആധുനിക നിലവാരത്തിലുള്ള റോഡ് ടാറിങ് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കി യൂത്ത് കോൺഗ്രസ് നൽകുന്ന കത്തിന് രേഖാമൂലം മറുപടി നൽകാം എന്ന് ഉദ്യോഗസ്ഥർ നല്കിയ ഉറപ്പിന്മേലാണ് സമരക്കാർ ഉപരോധം അവസാനിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷത വഹിച്ച സമര പരിപാടിയ്ക്ക് നേതാക്കളായ റൂബി ഊടുപുഴയിൽ, തോമസുകുട്ടി മുക്കാലാ, ജേക്കബ് അൽഫോൻസാ ദാസ്, അജയ് നെടുമ്പാറ, കിരൺ അരീക്കൽ, ഗോകുൽ ജഗന്നിവാസ്, ബിപിൻ രാജ്, ടോണി ചക്കാല, അലോഷി റോയി, അലക്സ്, വിഷ്ണു ബാബു എന്നിവർ നേതൃത്വം നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.