തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ഡിസംബർ ആറിന് കൊച്ചിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ വന്ന വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്. 149 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
യു.കെയിൽ നിന്ന് അബൂദബി വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ആദ്യ ദിവസത്തെ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. എട്ടാംതീയതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. ഇതിന് ശേഷം നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്‍റെ ഭാര്യയും അമ്മയും പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. എല്ലാ ജാഗ്രത നടപടികളും കൃത്യമായി സ്വീകരിച്ചിരുന്നു. ആശങ്ക വേണ്ടെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
രാജ്യത്ത് ഇന്ന് മറ്റ് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 38 ആയി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.