Subscribe Us



കർണ്ണാടക മുൻ ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന മലയാളിയായ ജെ അലക്സാണ്ടർ നിര്യാതനായി

ബെംഗളൂരു: കർണ്ണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ കാബിനറ്റ് മന്ത്രിയും മലയാളിയുമായ ജെ അലക്സാണ്ടർ ഐ എ എസ് നിര്യാതനായി.  ഹൃദയാഘാതത്തെത്തുടർന്നു ഇന്നലെ(14/01/2022) രാത്രി എട്ടുമണിയോടെയായിരുന്നു മരണം. 83 വയസ്സായിരുന്നു.

കൊല്ലം ജില്ലയിലെ മാങ്ങാട് 1938 ആഗസ്റ്റ് 8 നാണ് അലക്സാണ്ടറുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1963ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു. കർണ്ണാടക കേഡറിൽ വിവിധ വകുപ്പുകളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ചു.

കർണ്ണാടക ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം ഭാരതിനഗർ നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക്  മത്സരിച്ചു വിജയിക്കുകയും കർണ്ണാടക വിനോദസഞ്ചാര വകുപ്പ് മന്ത്രിയാകുകയും ചെയ്തു. 

വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളോട് ചേർന്നു പ്രവർത്തിച്ചിരുന്ന അലക്സാണ്ടർ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റായിരുന്നു. ഭാര്യ: ഡെൽഫിൻ. 
മക്കൾ: ജോസ്, ജോൺസൺ.

മലയാളികളോട് പ്രത്യേക പരിഗണന കാട്ടിയിരുന്ന വ്യക്തിയായിരുന്നു ജെ അലക്സാണ്ടർ. കർണ്ണാടകയിൽ ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചെല്ലുന്നവർ അദ്ദേഹത്തെ സമീപിച്ചാൽ ഒട്ടേറെ സഹായം ചെയ്തു കൊടുത്തിരുന്നു. വലിയ സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം.

ജെ അലക്സാണ്ടറുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. നല്ലൊരു സുഹൃത്തും മികച്ച ഭരണാധികാരിയുമായിരുന്നു ജെ അലക്സാണ്ടർ എന്ന് മാണി സി കാപ്പൻ അനുസ്മരിച്ചു.

Post a Comment

0 Comments