കൊച്ചിടപ്പാടി: ഉത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഭക്തിഗാനമേളയിൽ മൃദംഗം വായിച്ചുകൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞുവീണ കലാകാരന്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൊച്ചിടപ്പാടി കാനാട്ട് കെ ജി ഹരിദാസ് (66) ആണ് മരണമടഞ്ഞത്.
കഴിഞ്ഞ 12 നു വൈകിട്ട് പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രോത്സവത്തില്‍ ഭക്തിഗാനമേളയിൽ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഹരിദാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിലെത്തിച്ചു ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയിലെ ഞരമ്പ് പൊട്ടി അതീവഗുരുതരാവസ്ഥയിലാണ് ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസിദ്ധ മൃദംഗവാദകന്‍ പാലാ ചിന്നക്കുട്ടന്‍ മാസ്റ്ററുടെ ശിഷ്യനാണ് ഹരിദാസ്. നിരവധി വേദികളില്‍ ഇദ്ദേഹം സംഗീത സദസ്സുകള്‍ക്ക് പക്കമേളമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭക്തിഗാനമേള ട്രൂപ്പുകള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രമുഖ സംഗീതജ്ഞ പാലാ പുഷ്പകുമാരി ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ട്.
കലാരംഗത്തിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ഹരിദാസ് സി പി ഐ ലോക്കല്‍ കമ്മറ്റിയംഗമായിരുന്നു. മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
പോണാട് കുഴിമറ്റത്തില്‍ കുടുംബാംഗമായ രാധയാണ് ഭാര്യ. മക്കൾ: രാഖി, സ്വാതി, പാര്‍വതി.
മരുമക്കൾ: സിമോദ് കുറവിലങ്ങാട്, കണ്ണന്‍ വിപിന്‍കുമാര്‍, തിരുവല്ല , ദീപു പൊന്‍കുന്നം.
മാണി സി കാപ്പൻ എം എൽ എ പരേതൻ്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
ഹരിദാസിന്റെ നിര്യാണത്തില്‍ ജോസ് കെ മാണി എംപി, പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി തുടങ്ങിയവര്‍ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.