Subscribe Us



റബ്ബർ നിയമ പരിഷ്കരണ ബില്ലിലെ ചതിക്കുഴികൾ പരിശോധിക്കപ്പെടണം: ഡോ ബിജു കൈപ്പാറേടൻ

കോട്ടയം: കേന്ദ്ര സർക്കാറിന്റെ പുതിയ റബ്ബർ നിയമ പരിഷ്കരണ ബിൽ ചെറുകിട- നാമമാത്ര റബ്ബർ കർഷകരെ ദുരിതത്തിലാഴ്ത്തുന്നതാണെന്നും  ബിൽ  അവതരിപ്പിക്കുന്നതിനു മുമ്പ്  ചെറുകിട- നാമമാത്ര റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ കൂടി  കേന്ദ്ര സർക്കാർ വിശദമായി പഠിക്കണമെന്നും  ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റ് 
ഡോ ബിജു കൈപ്പാറേടൻ ആവശ്യപ്പെട്ടു.

ഇന്നത്തെ നിലയിൽ ബിൽ പാസ്സായാൽ റബ്ബർ ബോർഡ് പോലും അപ്രസക്തമാവും.

ചെറുകിട- നാമമാത്ര റബ്ബർ കർഷകർക്ക് നീതിപൂർവ്വമായ മിനിമം താങ്ങുവില ഉറപ്പു വരുത്താനുള്ള വ്യവസ്ഥകൾ കൂടി ബില്ലിൽ ഉണ്ടാവണം.

ടയർ വ്യവസായം സംരക്ഷിക്കാൻ ആഭ്യന്തര വിപണിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിനു വ്യവസായികൾ നൽകേണ്ട ഉയർന്ന വിലയ്ക്ക്  പരിധി  നിശ്ചയിക്കും എന്നാണ് ബില്ലിൽ പറയുന്നത്. കർഷകർക്കു  നൽകേണ്ട മിനിമം വിലയേപ്പറ്റി  ബിൽ മൗനം പാലിക്കുകയാണ്. വ്യവസായ ലോബിയെ മാത്രം സഹായിക്കാനാണ് താങ്ങുവില നിശ്ചയിക്കാതെ പരമാവധി വിലയ്ക്കു മാത്രം പരിധി പ്രഖ്യാപിക്കുന്നത്.

സ്വാഭാവിക റബ്ബറിന്റെ  ഉൽപ്പാദനച്ചെലവിന് ആനുപാതികമായി ഒരു മിനിമം താങ്ങുവില ഉറപ്പു വരുത്തുക കൂടി ചെയ്യണം.  അതിനു കൂടി സാദ്ധ്യമാവുന്ന തരത്തിൽ ബില്ലിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യണം. അതു ചെയ്യാതെ റബ്ബറിന്റെ ഉയർന്ന വിപണിവിലയ്ക്കു മാത്രം പരിധി നിശ്ചയിച്ചു കൊടുത്താൽ അത് കർഷകരെ  സഹായിക്കുകയല്ല മറിച്ച് ഉപദ്രവിക്കുകയാണ് ചെയ്യുക എന്നു വ്യക്തമാണ്.   നിലയില്ലാ കയത്തിലേക്കു വലിച്ചെറിയപ്പെടുന്ന കർഷകർ വൻകിട ടയർ കമ്പനികളുടെ  അടിമകളായി മാറാനേ അതിടയാക്കൂ. 

ആഭ്യന്തര വിപണിയിൽ സുലഭമായ സ്വാഭാവിക റബ്ബറിന്റെ ഉപയോഗം ഒഴിവാക്കി ടയർ കമ്പനികൾ  വിദേശത്തു നിന്ന് റബ്ബർ ഇറക്കുമതി ചെയ്താൽ നാമമാത്ര - ചെറുകിട റബ്ബർ കർഷകർക്ക്  വിപണിയില്ലാതാവും. വീണ്ടും വിലത്തകർച്ചയുണ്ടാകും. അതുകൊണ്ടാണ് ഉൽപ്പാദനച്ചെലവിന് ആനുപാതികമായ മിനിമം താങ്ങുവില  ഉറപ്പാക്കണമെന്ന് ജെഡിയു ആവശ്യപ്പെടുന്നത്. 

ആഭ്യന്തര വിപണിയിൽ സ്വാഭാവിക റബ്ബർ കിട്ടാതെ വരുമ്പോൾ മാത്രമേ വിദേശത്തു നിന്ന് റബ്ബർ ഇറക്കുമതി ചെയ്യാൻ  അനുമതി നൽകൂ എന്നു ബില്ലിൽ വ്യവസ്ഥയുണ്ടാക്കണമെന്ന് ബിജു കൈപ്പാറേടൻ ആവശ്യപ്പെട്ടു.

ഉയർന്ന ഉത്പാദനച്ചെലവും പണിക്കൂലിയും പ്രതികൂല കാലാവസ്ഥയും മൂലം ഇപ്പോൾത്തന്നെ ആത്മഹത്യയുടെ വക്കിലാണ് ബഹുഭൂരിപക്ഷം  റബ്ബർ കർഷകരും. 

ഏകപക്ഷീയമായി തയ്യാറാക്കിയ പുതിയ ബില്ലിനെതിരെ പൊതു സമൂഹത്തിന് തികഞ്ഞ ജാഗ്രത   ഉണ്ടാവണം. ഈ ചതിക്കുഴിയ്ക്കെതിരെ കർഷകർക്കിടയിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് ബിജു കൈപ്പാറേടൻ പറഞ്ഞു.

Post a Comment

0 Comments