Subscribe Us



പിണറായി സര്‍ക്കാര്‍ ബുദ്ധദേവിന്‍റെ വഴിയേ: ജി ദേവരാജന്‍


തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിന്‍റെ കാര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍, പശ്ചിമ ബംഗാളിലെ രണ്ടാം ബുദ്ധദേവ് സര്‍ക്കാരിന്‍റെ വഴിയേയാണ്‌ സഞ്ചരിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് തിടുക്കത്തില്‍ കൊണ്ടുവന്നതിന്‍റെ ഉദ്ദേശ്യം മനസ്സിലായില്ലെന്നും ഇക്കാര്യം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത് ഗുരുതരമായ കാര്യമാണ്. സുപ്രധാന തീരുമാനങ്ങളും നിയമഭേദഗതികളും ഇടതുപക്ഷ ജനാധിപത്യ മുന്നണി ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. രണ്ടാം ബുദ്ധദേവ് സര്‍ക്കാരിന്‍റെ കാലത്ത് ബംഗാളിലെ സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളില്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടന്നത് ഇതേ മാതൃകയിലായിരുന്നു. ജ്യോതിബസുവിന്‍റെ കാലത്ത് പ്രാധാന വിഷയങ്ങള്‍ ആദ്യം ഇടതു മുന്നണിയും വേണ്ടിവന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയ ശേഷമായിരിക്കും ക്യാബിനറ്റിന്‍റെ മുമ്പാകെ വരിക. ഇതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സഞ്ചരിച്ചതിന്‍റെ പരിണിതഫലമാണ് നന്ദിഗ്രാമിലെ വെടിവെയ്പിലേക്കും ഇടതുമുന്നണിയുടെ പതനത്തിലേക്കും നയിച്ചത്. അന്ന് ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും സിപിഐയും ഉയര്‍ത്തിയ വാദമുഖങ്ങളെ സിപിഎം ബംഗാള്‍ ഘടകം പരിഗണിച്ചില്ല. 

ഇതേ വഴിയിലൂടെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരും സഞ്ചരിക്കുന്നതെന്നാണ് കാനം രാജേന്ദ്രന്‍റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപാര്‍ട്ടികളുടെ ദേശീയ കാഴ്ച്ചപ്പാടുകള്‍ക്ക് നേരെ വിപരീതമായ നിലപാടുകളും ന്യായീകരണങ്ങളുമാണ് കേരളാ സിപിഎം മുന്നോട്ടു വെയ്ക്കുന്നത്. 1999 ല്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും നിയമമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ക്കും അന്ന് ജീവിച്ചിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോലെയുള്ള നിയമ പണ്ഡിതര്‍ക്കും തോന്നാത്ത എന്തു ഭരണഘടനാ വിരുദ്ധതയും അപകടവുമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് തോന്നുന്നതെന്നു മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ ഭേദഗതിയിലൂടെ ജനകീയരായിരുന്ന മുന്‍ കാല കമ്മ്യൂണിസ്റ്റ് നേതാക്കളെ അപമാനിക്കുകയാണ് കേരളാ സിപിഎം ചെയ്യുന്നതെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments