തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചും നയതന്ത്ര ബാഗുകളിലെ ഉള്ളടക്കത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനു അറിയാമായിരുന്നെന്ന സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലിലൂടെ തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുകയാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
വനിതാ കോണ്‍സ്റ്റബിള്‍ റെക്കോര്‍ഡ് ചെയ്ത സ്വപ്നയുടെ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ തിരക്കഥ ആയിരുന്നെന്നും അതീവ രഹസ്യമായി സ്വപ്നയേയെയും മറ്റു പ്രതികളെയും കേരളം വിടാന്‍ സഹായിച്ചത് ശിവശങ്കര്‍ ആയിരുന്നെന്നും സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരിക്കുകയാണ്. അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി സംസ്ഥാനത്തെ ഇന്‍റലിജന്‍സ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വെളിവാകുന്നത്. സാക്ഷരതയിലും സാമൂഹ്യ പുരോഗതിയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്‍പന്തിയിലാണെന്ന് അഭിമാനിക്കുന്ന കേരളീയ പൊതുസമൂഹത്തിന് അപമാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി.
ലോക്കറില്‍ നിന്നും കണ്ടെടുത്ത പണം കോഴയായി ലഭിച്ചതാണെന്നു വ്യക്തമായതോടു കൂടി ലൈഫ് മിഷനിലും തട്ടിപ്പു നടന്നൂവെന്നു തെളിഞ്ഞിരിക്കുകയാണ്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴിമതിയും കള്ളക്കടത്തും അധികാര ദുര്‍വിനിയോഗവുമാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേന്ദ്ര നേതാക്കളുമായുള്ള മുഖ്യമന്ത്രിക്കുള്ള സൗഹാര്‍ദ്ദം അന്വേഷണങ്ങളെ അട്ടിമറിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും വ്യാജതെളിവുകള്‍ ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു. കേരളം ഞെട്ടിത്തരിക്കാന്‍ പര്യാപ്തമായ ഒട്ടനവധി രഹസ്യങ്ങള്‍ ശിവശങ്കറിന്‍റെ നാവിന്‍ത്തുമ്പില്‍ ഉള്ളതിനാലാണ് മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളിപ്പറയാതെ സംരക്ഷിക്കുന്നതെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.