Subscribe Us



കേന്ദ്ര ബജറ്റ് ഒരു ഡിജിറ്റല്‍തട്ടിപ്പ്: ജി ദേവരാജന്‍

തിരുവനന്തപുരം: സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും യാതൊരു പ്രയോജനവും ഇല്ലാത്ത വെറും പൊള്ളയായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. 

ജിഎസ്ടി വരുമാനം വര്‍ദ്ധിച്ചുവെന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ ചെറിയൊരു ഭാഗം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ സന്മനസ്സ് കാണിക്കണമായിരുന്നു. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തില്‍ സാമ്പത്തിക സഹായം നല്‍കുകയോ പാചകവാതകമുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുറയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുമായിരുന്നു. പ്രതിസന്ധികാലത്ത് അപ്രതീക്ഷിത ലാഭമുണ്ടാക്കിയ ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും കൂടുതല്‍ നികുതി വരുമാനം കണ്ടെത്തിയും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാമായിരുന്നു. രാജ്യത്ത് ജിഡിപി ഉത്പാദിപ്പിച്ചു നല്‍കുന്ന സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍, കര്‍ഷകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനോ, പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും നേരിടുന്ന തകര്‍ച്ച പരിഹരിക്കുന്നതിനോ, ബജറ്റില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളൊന്നുമില്ല. മറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഡിജിറ്റൈസേഷന്‍, അഗ്രിട്ടെക്, ഫിന്‍ടെക് തുടങ്ങിയ പദാവലികള്‍ കൊണ്ടു നിറച്ച ഒരു ഡിജിറ്റല്‍ തട്ടിപ്പാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments