പാലാ: പാലാ നിയോജകമണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ സങ്കേതങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തലനാട് പഞ്ചായത്തിലെ ചൊവ്വൂർ ഐ എച്ച് ഡി പി പട്ടികവർഗ്ഗ കോളനി ( ഒരു കോടി), കടനാട് പഞ്ചായത്തിലെ ചാത്തൻകുന്ന് പട്ടികവർഗ്ഗ കോളനി ( ഒരു കോടി), കരൂർ പഞ്ചായത്തിലെ നെല്ലാനിക്കാട്ട്പാറ പട്ടികജാതി കോളനി (ഒരു കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചൊവ്വൂർ, ചാത്തൻകുന്ന് കോളനികളിൽ അനുവദിച്ച തുക വിനിയോഗിക്കുന്നതു സംബന്ധിച്ചു നടത്തിയ ഊരുകൂട്ടം ഇന്നലെ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്നു. നെല്ലാനിക്കാട്ട്പാറയിലെ ഗുണഭോക്തൃയോഗം ഏപ്രിൽ മുപ്പതിനകം ചേരും. ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, കുടിവെള്ള ടാങ്ക് നിർമ്മാണം, വീടിനു ചുറ്റുമതിൽ നിർമ്മാണം, കുട്ടികൾക്കു പഠനോപകരണങ്ങൾ വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് തുക ചെലവൊഴിക്കുക.
നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.
ഇതോടൊപ്പം മുമ്പ് അനുവദിച്ചതും മുടങ്ങിക്കിടന്നതുമായ എലിക്കുളം പഞ്ചായത്തിലെ രണ്ടാം മൈൽ പട്ടികജാതി കോളനിയിൽ 91 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. മാണി സി കാപ്പൻ എം എൽ എ യുടെ ശുപാർശപ്രകാരമാണ് പദ്ധതികൾക്കുള്ള തുക സർക്കാർ വകയിരുത്തിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.