പാലാ: പാലാ രാഷ്ട്രീയത്തിലെ സൗമ്യ വ്യക്തിത്വമായിരുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റോയി മാത്യു എലിപ്പുലിക്കാട്ടിൻ്റെ അകാല വിയോഗം നൊമ്പരമായി. ഏവർക്കും സ്വീകാര്യനായ പൊതുപ്രവർത്തകനായിരുന്നു റോയി. പുഞ്ചിരിക്കുന്ന റോയിയുടെ മുഖമാണ് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മനസിൽ ഉള്ളത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ റോയി നിറവേറ്റുമായിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് റോയി പൊതുരംഗത്തേയ്ക്ക് കടന്നുവന്നത്. കെ എസ് യു മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്തും എല്ലാവർക്കും ഏറെ പ്രിയങ്കരനായിരുന്നു. മികച്ച സംഘാടകനെന്നതിനൊപ്പം മികച്ച കർഷകനുമായിരുന്നു റോയി. ക്ഷീര, പൈനാപ്പിൾ മേഖലകളിൽ മികച്ച കർഷകനെന്ന നിലയിൽ പുരസ്കാരങ്ങൾ നേടാനും റോയിക്കായിട്ടുണ്ട്. ചക്കാമ്പുഴ റബ്ബർ ഉത്പാദക സംഘം പ്രസിഡൻ്റായിരുന്നു.
കവണാർ ലാറ്റക്സ് ഡയറക്ടർ ബോർഡ് മുൻ മെമ്പറായിരുന്നു. കവണാർ ലാറ്റക്സിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയതിൽ പ്രധാനിയായിരുന്നു റോയി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അസുഖബാധിതനായതിനെത്തുടർന്നു ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. സംസ്കാരം ഇന്ന് (25/04/2022) ഉച്ചക്ക് 12 ന് ചക്കാമ്പുഴ ലൊരേത്ത്മാതാപള്ളിയിൽ.
റോയി മാത്യുവിൻ്റെ നിര്യാണത്തിൽ കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ, മന്ത്രി റോഷി അഗസ്റ്റിൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം പി മാരായ കെ മുരളീധരൻ, ആൻ്റോ ആൻ്റണി, ജോസ് കെ മാണി, എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി കാപ്പൻ, മോൻസ് ജോസഫ്, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ടോമി കല്ലാനി, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജോസഫ് വാഴയ്ക്കൻ, സന്തോഷ് കാവുകാട്ട്, ജോർജ് പുളിങ്കാട്, ബെന്നി മൈലാടൂർ, അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, എബി ജെ ജോസ്, സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, സജി എസ് തെക്കേൽ തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.