പാലാ/ഫിലഡൽഫിയ: ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ച അമേരിക്കൻ മലയാളി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാഹാരിസിൻ്റെ പ്രശംസ. കമലാ ഹാരിസിൻ്റെ ഫിലഡൽഫിയ സന്ദർശനവേളയിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച എയ്മലിൻ റോസ് തോമസിനെ കമലാഹാരിസ് അഭിനന്ദിച്ചത്.
ഇന്ത്യൻ ജനിതകപ്പിന്തുടർച്ചയിലുള്ള സാഹോദര്യം അമേരിക്കൻ രാഷ്ട്ര മൂല്യങ്ങളുടെ സമ്പന്നതയ്ക്ക് നിറവേകുവെന്ന് എയ്മിലിനോട് കമലാഹാരിസ് പറഞ്ഞു. ഭിന്ന ശേഷിക്കാരായ ബാലകരുടെ സവിശേഷാവശ്യങ്ങളെയും അവകാശങ്ങളെയും കുറിക്കുറിച്ചുള്ള ആശയങ്ങളും പങ്കു വച്ചു. ഭിന്നശേഷിക്കാരനായ തൻ്റെ സഹോദരൻ്റെയും അതുപോലുള്ള വ്യക്തികളുടെയും ആരോഗ്യ പരിപാലനകാര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കൈവരിച്ച അറിവ് ഗവേഷണാത്‌മകമായും ഗുണപരമായും ഉപകരിക്കണം എന്നതാണ് ദൗത്യമെന്ന് എമിലിൻ വൈസ് പ്രസിഡൻ്റിനോട് പറഞ്ഞു. വ്യക്തിയുടെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കു പിന്നിലെ ശാസ്ത്രം വെളിപ്പെടുത്തുകയും ജീവിതകാലം മുഴുവൻ നമ്മെ ബാധിക്കുന്ന പ്രതികൂല സംഭവങ്ങളെ അപഗ്രഥിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ബർക്ക് ഹാരിസ്സിൻ്റെ "ദ് ഡീപെസ്റ്റ് വെൽ" എന്ന പുസ്തകം വായിക്കുന്നത് ഉപകരിക്കുമെന്നും വായനാഭിപ്രായം പങ്കു വയ്ക്കണമെന്നും കമലഹാരിസ് എയ്മിലിനെ ഉപദേശിച്ചു. ഭാവിയിൽ നേതൃനിരയിൽ എമിയ്ലിനെ കാണാൻ കഴിയട്ടെയെന്നും വൈസ് പ്രസിഡൻ്റ് ആശംസിച്ചു. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കമലാ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ച തൻ്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രചോദനമാകുമെന്ന് എയ്മിലിൻ പറഞ്ഞു. ഇതോടെ ഇന്ത്യൻ വംശജ കൂടിയായ കമലാഹാരിസിനെ നേരിൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ വിദ്യാർത്ഥികൂടിയായി എയ്മിലിൻ മാറി.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് പെൻസിൽവേനിയയിലെ മൗണ്ട് സെൻ്റ് ജോസഫ് അക്കാഡമി ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്‌മിലിനായിരുന്നു.
സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായ പാലാ അവിമൂട്ടിൽ ജോസ് തോമസിന്റെയും മൂലമറ്റം കുന്നക്കാട്ട് വീട്ടിൽ മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്‌മിലിൻ. ജോസ് തോമസും വൈസ് പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എയ്‌മിലിൻ തോമസ്സിനെ പെൻസിൽ വേനിയാ ഗവർണ്ണർ ടോം വൂൾഫ് ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫീസ്സിൽ ആദരിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെയും, പ്രശസ്തനായ ഡോ. ശശി തരൂർ, സുരേഷ് ഗോപി എം പി, മാണി സി കാപ്പൻ എം എൽ എ ഉൾപ്പെടെയുള്ളവർ എയ്മിലിനെ നേരത്തെ അഭിനന്ദിച്ചിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.