മുത്തോലി: മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ മുത്തോലി പഞ്ചായത്തിലെ ഇടയാറ്റു നിവാസികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇടയാറ്റു പാലം പുതുക്കിപ്പണിയുന്നതിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഇടയാറ്റു നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ വഴിതെളിഞ്ഞത്.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത് ജി മീനാഭവൻ നിലവിലുള്ള പാലത്തിൻ്റെ ദുരവസ്ഥ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് മാണി സി കാപ്പൻ പുതിയ പാലം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചത്.
മുത്തോലി പഞ്ചായത്തിനെയും
പാലാ നഗരസഭയെയും ബന്ധിപ്പിച്ച് മീനച്ചിൽ തോടിന് കുറുകെയുള്ള ഇടയാറ്റ് പാലത്തിന് വീതി കുറവായതിനാൽ പാലത്തിലൂടെയുള്ള യാത്ര പലപ്പോഴും ദുരിതമായി മാറിയിരുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, പാലാ സൗത്ത് ഗവ. എൽ.പി.സ്കൂൾ, ശ്രീവിനായക നഴ്സറി സ്കൂൾ,പാലാ- പൊൻകുന്നം ഭാഗങ്ങളിലേക്ക് പോകേണ്ടവർ എല്ലാം
ആശ്രയിക്കുന്ന പ്രധാന റോഡിലെ പാലമാണിത്. കാറും ജീപ്പും കഷ്ടിച്ചാണ് പാലത്തിലൂടെ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾക്കു ഇതു വഴി പോകാനും സാധിക്കുകയില്ല. രണ്ട് ചെറുവാഹനങ്ങൾക്കു ഒരേ സമയം ഇരു ദിശകളിലേയ്ക്കും കടന്നു പോകാനുള്ള വീതിയും പാലത്തിനില്ല. നിലവിലുള്ള പാലത്തിൻ്റെ തൂണുകൾ അശാസ്ത്രീയമായി സ്ഥാപിച്ചിരുന്നതിനാൽ ജലമൊഴുകുന്നതിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. പതിറ്റാണ്ടുകളായി ഈ ആവശ്യമുന്നയിച്ച് വിവിധ ജനപ്രതിനിധികളെ സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇടയാറ്റു ബാലഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും നിലവിലുള്ള പാലം അപര്യാപ്തമായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതോടെ ഈ മേഖലയിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകുകയാണ്. പാലം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിനാളുകളുടെ യാത്രാദുരിതത്തിന് ശ്വാശ്വത പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടയാറ്റ് ക്ഷേത്ര സംരക്ഷണ സമിതി, ബി ജെ പി ഇടയാറ്റ് ബൂത്ത് കമ്മിറ്റി, സമീപവാസികൾ തുടങ്ങിയവർ മാണി സി കാപ്പൻ എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി മീനാഭവൻ എന്നിവർക്കു ഇതുസംബന്ധിച്ചു നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആസ്തി വികസന ഫണ്ട് അനുവദിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ഏപ്രിൽ 22 ന് ജില്ലാ കളക്ടർക്കു എം എൽ എ കൈമാറി.
ഒക്ടോബർ മാസത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു പാലംപണി തുടങ്ങാനാവുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി മീനാഭവൻ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.