പാലാ: പാലാ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി നഗരസഭ സൗന്ദര്യവൽക്കരണത്തിനായി സ്ഥാപിച്ച പൂച്ചെടികൾ സാമൂഹ്യ വിരുദ്ധൻ അടിച്ചു തകർത്തു. വൈകിട്ടു നാലു മണിയോടെയാണ് സംഭവം. നഗരസഭ ഓഫീസിനു സമീപം ളാലം പാലത്തിൽ സ്ഥാപിച്ചിരുന്ന പൂച്ചെടികളാണ് സാമൂഹ്യ വിരുദ്ധൻ അടിച്ചു തകർത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് സാമൂഹ്യ വിരുദ്ധനെ പിടികൂടി.
അതേ സമയം നേരത്തെയും പൂച്ചെട്ടികൾ ഒരാൾ തകർക്കുകയും നഗരസഭ ഇതിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് നഗരസഭ തന്നെ പിൻവലിച്ച നടപടി പിൻവലിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്ന് അറിയിച്ചത്.
പാലാ മഹാറാണി കവലയിലെ റൗണ്ടാനയിലും മറ്റുമായി സ്ഥാപിച്ചിരുന്ന 14 പൂച്ചട്ടികളാണ് അന്ന് നശിപ്പിക്കപ്പെട്ടത്.
പാലാ നഗരസഭ പൂച്ചെട്ടികൾ നശിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയതായും പിന്നീട് പൊതുമുതൽ അല്ല സ്പോൺസർ ചെയ്തു കിട്ടിയ പൂച്ചെട്ടികളാണെന്നും പറഞ്ഞ് പരാതി പിൻവലിച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.
പൂച്ചെട്ടികൾക്കു നഷ്ടപരിഹാരം ഈടാക്കിയെന്നു നഗരസഭ പോലീസിൽ അറിയിക്കുകയായിരുന്നുവെത്രെ.
പാലാ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും ആദ്യ വർഷം നാലര ലക്ഷത്തോളം രൂപ മുടക്കി നാനൂറോളം പൂച്ചട്ടികളാണ് സ്ഥാപിച്ചത്. പിന്നീട് ആയിരം പൂച്ചട്ടികളും സ്ഥാപിക്കുകയുണ്ടായി. ഇങ്ങനെ നഗരസഭാ പ്ലാൻ ഫണ്ടിൽനിന്നും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പൂച്ചട്ടികളാണ് പൊതുമുതലല്ലാ എന്ന വാദം അന്ന് പറഞ്ഞിരുന്നത്. പൂച്ചട്ടി ഒന്നിന് ആയിരം രൂപാ കണക്കിന് പതിനാലായിരം രൂപയാണ് അന്ന് പ്രതിയിൽനിന്നും ഈടാക്കിയാണ് കേസിൽ നിന്നും ഒഴിവാക്കിയത്. ഇങ്ങനെ പിഴ നൽകിയാൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ടവർക്കു പോലും കേസിൽ നിന്ന് ഒഴിവാകാമായിരുന്നു.
നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ടു പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലവും മുന്നിൽ ഉണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാണെന്നിരിക്കെ ഈ പ്രതിയുടെ കാര്യത്തിൽ എന്തു നടപടിയാണ് പൊലീസ് സ്വീകരിക്കുകയെന്ന് കാത്തിരുന്നു കാണേണ്ടി വരും.
കേസെടുത്താൽ മുൻ കേസിലെ പ്രതിയെ കേസെടുക്കാത്ത സംഭവം ചോദ്യം ചെയ്യപ്പെടും. കേസെടുത്തില്ലെങ്കിൽ നിയമവിരുദ്ധ നടപടി ആവർത്തിച്ചെന്ന ആക്ഷേപം വീണ്ടും ഉയരും.
വാഹനങ്ങൾ അറിയാതെ തട്ടി ചെടിച്ചട്ടി പൊട്ടിയാൽ 1000 രൂപയും അല്ലാതുള്ളവയ്ക്ക് 5000 രൂപയുമാണ് ഓരോ ചട്ടിക്കും ഈടാക്കാൻ നഗരസഭ തീരുമാനം എടുത്തിട്ടുള്ളത്. ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം പൊതുമുതൽ നശിപ്പിച്ചാൽ നിയമ നടപടി ഒഴിവാക്കാനും ആവില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.