പാലാ: അത്ഭുതങ്ങളുടെ കലവറ തുറന്ന പാലാ ചാവറ പബ്ളിക് സ്കൂളിലെ പ്രവേശനോൽത്സവം കുരുന്നുകൾക്കു നവ്യാനുഭവമായി. അമ്യൂസ്മെൻ്റ് പാർക്കുകളോട് കിടപിടിക്കുന്ന അത്ഭുത കാഴ്ചകളാണ് ചാവറ സ്കൂളിലെ കിൻ്റർഗാർട്ടനിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. അത്ഭുത ജീവിയുടെ വായിലൂടെ ഉള്ളിലേയ്ക്കു കടന്നാൽ വിവിധയിനം മത്സ്യങ്ങളുള്ള അക്വേറിയമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ നിന്നും പുറത്തിറങ്ങുന്ന കുട്ടികൾക്കു വർണ്ണകാഴ്ചകളുടെ പുതുവസന്തമാണ് കാണാൻ കഴിയുക. വിശാലമായ പക്ഷിക്കൂടുകൾ ആകർഷകമായി തയ്യാറാക്കി വച്ചിരിക്കുകയാണവിടെ. തുടർന്നു പാർക്കിലേയ്ക്ക് ഇറങ്ങിയാൽ സ്ഥിരപരിചിതരായ കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികളെ സ്വാഗതം ചെയ്യുന്നത്. മിക്കി മൗസ് മുതൽ ഹൾക്ക് വരെയുള്ള നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾ ഇവിടെയുണ്ട്. വിനോദത്തിനും കളികൾക്കുമായുള്ള ഒട്ടേറെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ലാസ് മുറികളിൽ വിവിധ ജീവികളുടെ ചിത്രങ്ങൾക്കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. മരങ്ങളുടെയും മരച്ചിലകളുടെയും രൂപത്തിൽ തയ്യാറാക്കിയ പ്രത്യേകം ആകർഷകമായി തയ്യാറാക്കിയ മുറിയും കുട്ടികൾക്കു ആവേശം പകരും. കളിയിലൂടെ പഠനം ഹൃദ്യമാക്കുക എന്ന ലക്ഷൃത്തോടെയാണ് കിൻ്റർഗാർട്ടൻ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് പറഞ്ഞു.
പ്രവേശനോത്സവം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസറിഞ്ഞുള്ള വിദ്യാഭ്യാസം അനിവാര്യമാണെന്നു എം എൽ എ പറഞ്ഞു. ഫാ ജോസുകുട്ടി പടിഞ്ഞാറെപ്പീടിക, ഫാ സാബു കൂടപ്പാട്ട്, ഫാ ജെയ്സ് വയലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപ്രകടനവും ചെണ്ടമേളവും പ്രവേശനോൽസവത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.