ന്യൂഡൽഹി: ഇന്ത്യൻ കറൻസികളിൽ മഹാത്മാഗാന്ധിക്കൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടാകും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, രവീന്ദ്രനാഥ ടാഗോറിന്റെയും എ.പി.ജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഇന്ത്യൻ നോട്ടിൽ അച്ചടിക്കും. പുതിയ നോട്ടുകളിൽ ഇവരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പരിഗണിക്കുന്നതായി റിപ്പോർട്ട്.
ബംഗാളിലെ ഏറ്റവും വലിയ ഐക്കണുകളിൽ ഒരാളായി ഓർമ്മിക്കപ്പെടുന്ന രവീന്ദ്രനാഥ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി, മിസൈൽ മാൻ എന്നറിയപ്പെടുന്ന എ.പി.ജെ അബ്ദുൾ കലാമും ഗാന്ധിയ്‌ക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ്. കറൻസി നോട്ടുകളിൽ ഒന്നിലധികം ആൾക്കാരുടെ വാട്ടർമാർക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് അറിയുന്നു.
ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്പിഎംസിഐഎൽ) ഗാന്ധി, ടാഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകൾ ഐഐടി-ഡൽഹി എമറിറ്റസ് പ്രൊഫസർ ദിലീപ് ടി ഷഹാനിക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് സെറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത് സർക്കാരിന്റെ അന്തിമ പരിഗണനയ്ക്കായി അവതരിപ്പിക്കാൻ സഹാനിയോട് നിർദ്ദേശിച്ച് കഴിഞ്ഞു.
2017-ൽ, പുതിയ നോട്ടുകളുടെ സുരക്ഷാ സവിശേഷതകൾ ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച ഒമ്പത് ആർബിഐ ആഭ്യന്തര കമ്മിറ്റികളിലൊന്ന്, 2020-ൽ ഇതുസംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ഗാന്ധിയെക്കൂടാതെ ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് രൂപങ്ങളും വികസിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം. അച്ചടി നിർത്തിയിരുന്ന 2000 രൂപ നോട്ട് ഒഴികെയുള്ള എല്ലാ കറൻസി നോട്ടുകളിലും കലാമിനെയും ടാഗോറിന്റെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നാണറിയുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.