പാലാ: പരസഹായമില്ലാതെ ഏഴാം ക്ലാസ് വിദ്യാർത്ഥി തയ്യാറാക്കിയ യൂട്യൂബ് ചാനൽ തരംഗമായി. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരം വരിക്കാരെ ലഭിച്ച സന്തോഷത്തിലാണ് ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായ ജോസഫ് കുര്യൻ. ചാനലിന് യഥാർത്ഥ പേര് നൽകാത്തതിനാൽ തന്നെ ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടുകാരോ ആയവർ വളരെക്കുറച്ചു മാത്രമാണ് വരിക്കാരായിട്ടുള്ളൂവെന്നതും വരിക്കാരാവാൻ ക്ഷണിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മാസ്റ്റർ എഡിറ്റിംഗ് എന്ന പേരിൽ ജോസഫ് സ്വന്തമായി യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചത്. ഫുട്ബോൾ ആരാധകനായ ജോസഫ് ഫുട്ബോളുമായി ബന്ധപ്പെട്ട ഷോർട്ട് വീഡിയോകളാണ് യൂട്യൂബിൽ ചേർക്കുന്നത്.
വീഡിയോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചു മൊബൈൽ ഫോണിൽ സ്വയം എഡിറ്റു ചെയ്യുകയാണ് പതിവ്. കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം കണ്ടെത്തി വീഡിയോയിൽ ചേർക്കും. ജോസഫ് കുര്യൻ തയ്യാറാക്കിയ വീഡിയോകളിൽ കൂടുതലും തൻ്റെ ആരാധനാപാത്രമായ റൊണാൾഡോയുടെ വീഡിയോകളാണ്. മെസിയുടെയും നെയ്മറിൻ്റെയും ഒക്കെ വീഡിയോകളും ഉണ്ട്. ജോസഫ് തയ്യാറാക്കിയ 98 വീഡിയോകൾ ഇതിനോടകം 25 ലക്ഷത്തിൽപരം ആളുകളാണ് കണ്ടത്. ഏറ്റവും കൂടുതൽ വീഡിയോ കണ്ടത് ഇന്ത്യാക്കാരാണ്. ഇൻഡോനേഷ്യ, അൾജീരിയ, തുർക്കി, ഈജിപ്റ്റ് എന്നിങ്ങനെയാണ് കാഴ്ചക്കാർ ഏറ്റവും കൂടുതൽ ഉള്ളത്.
ഏതാനും വർഷം മുമ്പ് പാലായിൽ സംഘടിപ്പിച്ച ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്തതോടെയാണ് ജോസഫിന് ഫുട്ബോൾ പ്രിയപ്പെട്ടതായി മാറിയത്. പോർച്ചുഗൽ സ്വദേശിയായ ഫുട്ബോൾ കോച്ച് ജാവോ പെഡ്രോ ഫിലിപ്പായിരുന്നു പരിശീലകൻ. കോച്ച് തിരിച്ചു പോയെങ്കിലും ഫുട്ബോൾ സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ഇപ്പോഴും കോച്ചിനെ വിളിക്കാറുണ്ട്. ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥിയാണ് ജോസഫ് കുര്യൻ.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.