ബിപിൻ തോമസ്
പാലാ: കെ എസ് ആർ ടി സി ബസ് ടെർമിനലിനു സമീപം സ്വകാര്യ കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായി നടപ്പാത പൂർണ്ണമായി കയ്യേറിയത് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻ്റെ മൗനാനുവാദത്തോടെയാണെന്നു ആരോപണം. നാല്പതു മീറ്ററോളം നടപ്പാതയാണ് അനധികൃതമായി കൈയ്യേറിയത്. ഇതോടെ കാൽ നടക്കാർ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട ഗതികേടിലായി.
സ്കൂൾ സമയത്ത് ഇതുവഴി നിരവധി വിദ്യാർത്ഥികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഈ ഭാഗത്ത് ഉണ്ടായിരുന്ന റെയിലിംഗുകൾ പൂർണ്ണമായും പിഴുതുമാറ്റിയാണ് പൊതുമരാമത്ത് വകുപ്പ് വലിയ രീതിയിൽ കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്തത്. നിർമ്മാണ പ്രവർത്തനത്തിൻ്റെ മറവിലായിരുന്നു ഇത്. സാധാരണ നിലയിൽ അത്യാവശ്യം വാഹനങ്ങൾ കയറാൻ വേണ്ടിയുള്ള സൗകര്യമാണ് ചെയ്തു കൊടുക്കാറുള്ളതെങ്കിൽ ഇവിടെ മുഴുവൻ റെയിലിംഗുകളും പിഴുതുമാറ്റിയാണ് സൗകര്യമൊരുക്കിയത്. ഇതോടെ ഇവിടെ വരുന്ന പണിക്കാരുടേതുൾപ്പെടെ ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും നടപ്പാത കൈയ്യേറി സ്ഥിരം പാർക്കു ചെയ്യുന്നത്. ഫലത്തിൽ നടപ്പാത മുഴുവൻ പാർക്കിംഗ് ഏരിയായാക്കി മാറ്റി.
എല്ലായിടത്തും രാത്രിയിലും നേരം വെളുക്കും മുമ്പുമാണ് സാധനങ്ങൾ ഇത്തരം ആവശ്യങ്ങൾക്കു എത്തിക്കാറുള്ളത്. വലിയ വാഹനങ്ങളിൽ എത്തിക്കുന്ന ഇവിടേയ്ക്കുള്ള സാധനങ്ങൾ ഇറക്കുന്നതു തിരക്കേറിയ സമയങ്ങളിൽ നടപ്പാത കൈയ്യേറിയാണ്.
പോലീസ് സ്‌റ്റേഷനു തൊട്ടടുത്താണെങ്കിലും ഇവിടെ നടപ്പാത കൈയ്യേറുകയും അനധികൃത പാർക്കിംഗ് നടത്തുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കാറില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേ സമയം ജനറൽ ആശുപത്രിയിൽ എത്തിയവർ അവിടെ റോഡിൽ വാഹനം പാർക്കു ചെയ്തതിനെത്തുടർന്നു വ്യാപകമായി പിഴ ഈടാക്കിയ പോലീസ് ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
ഇവിടെ സ്വകാര്യ വ്യക്തി കെട്ടിടം പണി ആരംഭിച്ചിട്ടു ഏതാണ്ട് മൂന്നു വർഷത്തിലേറെയായി. ഈ ഭാഗത്തെ മണ്ണ് ഓടയിൽ അടിഞ്ഞു ഓട പ്രവർത്തന രഹിതമായിട്ടു നാളുകളേറെ കഴിഞ്ഞു. ഒരു മഴ പെയ്താതാലുടൻ പ്രദേശം വെള്ളക്കെട്ടിലാണ്. ഇതുമൂലം യാത്രക്കാരും സമീപത്തെ ഓട്ടോക്കാരും എല്ലാം ദുരിതത്തിലാണ്. മണ്ണു നീക്കം ചെയ്ത് ഓടകൾ പ്രവർത്തനക്ഷമമാക്കാൻ പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.
താപ്പാനകളായ പാലായിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ വാഴുമ്പോൾ ദുരിതം പേറാനാണ് ജനത്തിൻ്റെ വിധി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.