Subscribe Us



താപ്പാനകൾ വാഴുന്ന പൊതുമരാമത്ത് നിരത്ത് വിഭാഗം

ബിബിൻ തോമസ്
പാലാ: പാലായിലെ ഏറ്റവും താപ്പാനകളായ ഉദ്യോഗസ്ഥരുടെ കേന്ദ്രമാണ് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം. ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയക്കാരെ സുഖിപ്പിക്കാനും ഇവർ കഴിഞ്ഞേ ഉദ്യോഗസ്ഥ തലത്തിൽ ആളുള്ളൂവെത്രെ. മോട്ടോർ വാഹന വകുപ്പോ പൊലീസോ പോലെ ജനങ്ങളെ നേരിട്ടു സമീപിക്കേണ്ടതില്ലാത്തതിനാൽ ഇവരുടെ വിക്രിയകൾക്കു കൂടുതൽ സൗകര്യമാകുന്നു.

പാലായിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി മുതലെടുക്കാൻ ഇവർക്കു കഴിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ച് ഒരു ജനപ്രതിനിധി ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ മുഖത്തു നോക്കി ഇക്കാര്യം പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് പാലായിൽ ഉയർന്നിട്ടുള്ളത്. സ്കൂൾ സീസൺ ആരംഭിച്ചിട്ടു മാസം ഒന്നു പിന്നിടാറായെങ്കിലും നഗരത്തിലെ സീബ്രാലൈൻ പോലും തെളിക്കാൻ നിരത്തു വിഭാഗം തയ്യാറായിട്ടില്ല. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ റോഡ് കുണ്ടും കുഴിയുമായി മാറിയിട്ടു നാളുകളായി. ജൂൺ അവസാനിക്കാറായിട്ടും  കാലവർഷം കാര്യമായി ശക്തമാകാതിരുന്നിട്ടും നടപടിയെടുക്കാൻ ഇവർ തയ്യാറായിട്ടില്ല. പരാതികൾ പറയുന്നത് ഏമാന്മാർക്കു ദഹിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

പൊതുഖജനാവിലെ ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റുന്നുണ്ടെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും ഇവർ ചെയ്യുന്നില്ലെന്നതിൻ്റെ തെളിവാണ് ഈ ദുരവസ്ഥ. ഉള്ളനാട്ടിൽ അനിയന്ത്രിതമായി  ഭാരവാഹനങ്ങൾ കയറി കലുങ്ക് തകർന്നപ്പോൾ നടപടി സ്വീകരിക്കാതിരുന്നതോടെ നാട്ടുകാർക്കു പ്രതിഷേധിക്കേണ്ടി വന്നു. 

നഗരത്തിലെ നടപ്പാതകൾ തോന്നിയപോലെ പണി കഴിച്ചു ജനങ്ങൾക്കു ദുരിതം വിതയ്ക്കുകയാണ് ഇവർ. ഇതു സംബന്ധിച്ചു വകുപ്പ് മന്ത്രിക്കു നൽകിയ പരാതി പോലും മുക്കാൻ ഇവർക്കു സ്വാധീനമുണ്ട്. കെ എസ് ആർ ടി സി ബസ് ടെർമിനലിൻ്റെ എതിർ വശത്ത് മൂന്നു വർഷമായി പണി നടക്കുന്ന കെട്ടിടത്തിനു വഴിവിട്ട സഹായമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തു കൊടുക്കുന്നതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. 40 ൽ പരം മീറ്റർ സ്ഥലത്തെ റെയിലിംഗ് മാറ്റി നടപ്പാത മുഴുവനായി കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കു ഒത്താശ ചെയ്യുകയാണിവർ. ഇതോടെ യാത്രക്കാർക്കു റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇവിടെയുള്ള ഓടയിൽ മണ്ണു നിറഞ്ഞതോടെ ഒരു മഴ പെയ്യുന്നതോടെ ഈ പ്രദേശമാകെ വെള്ളക്കെട്ടിലാണ്. ഇതിനെതിരെ നടപടിയെടുക്കാതെ പൊതുമരാമത്തിലെ താപ്പാനകൾ പാലായിൽ വാഴുകയാണ്.

Post a Comment

0 Comments