കൊല്ലം: സാമൂഹ്യ, സാമുദായിക, സാംസ്കാരിക, ആത്മീയ ആവശ്യങ്ങളേക്കാള്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതിനാല്‍ ഇന്ത്യയുടെ ആത്മാവ് മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സ്കൂള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ആവശ്യങ്ങളെ മുന്‍ നിര്‍ത്തി സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നെങ്കിലും രാജ്യവ്യാപകമായി യോജിച്ച സമരം നടത്തുവാന്‍ ഇടതുപക്ഷത്തിനാകുന്നില്ല. ചിലയിടങ്ങളില്‍ സമരങ്ങള്‍ക്കായിഒന്നിക്കുന്ന ഇടതു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പാകുമ്പോള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ഭിന്നിച്ചു മത്സരിക്കുന്നു. പ്രാദേശിക പാര്‍ട്ടികളോട് തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുമ്പോള്‍ ഇടതു ഐക്യം വിസ്മരിക്കുന്നു.
പതിനൊന്നു കേന്ദ്ര തൊഴിലാളി സംഘടനകളില്‍ ഏഴും ഇടതുപക്ഷ തൊഴിലാളി സംഘടനകളാണ്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇടതു കൊടി പിടിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് തീവ്ര വലതുപക്ഷങ്ങള്‍ക്കും മതാധിഷ്ഠിത പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്യുന്നതെന്ന് ഇടതുപാര്‍ട്ടികള്‍ ഗൌരവമായി ആലോചിക്കണം. ദേശീയ തലത്തില്‍ മതേതര-ഇടതു-ജനാധിപത്യ പൊതുവേദി രൂപികരിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്ള ആശയക്കുഴപ്പം ദേശീയ പ്രതിപക്ഷ ഐക്യത്തെ തുരങ്കം വെക്കുന്നുവെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ടി. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രക്കമ്മറ്റി അംഗങ്ങളായ ബി.രാജേന്ദ്രന്‍ നായര്‍, കളത്തില്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി സ്വാഗതം പറഞ്ഞു.
പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്ര വിഷയങ്ങള്‍, ഭരണഘടനാ ഭേദഗതികള്‍, പാര്‍ട്ടി കോടിയില്‍ വരുത്തിയ മാറ്റങ്ങള്‍, സംഘടനാ തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് രേഖകള്‍ അവതരിപ്പിച്ചുകൊണ്ട് വിവിധ നേതാക്കള്‍ ക്ലാസുകളെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.