Subscribe Us



പിണറായി കേരളത്തിലെ ബുദ്ധദേവ് ഭട്ടാചാര്യ: ജി ദേവരാജന്‍

കൊല്ലം: ഇടതു നയപരിപാടികളില്‍ നിന്നും വ്യതിചലിച്ച് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കായി ജനവിരുദ്ധ വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളിലെ അവസാന ഇടതു മുഖ്യമന്ത്രിയായ ബുദ്ധദേവ്‌ ഭാട്ടാചാര്യയെ പോലെ കേരളത്തിലെ അവസാന ഇടതു മുഖ്യമന്ത്രിയായി മാറുമെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.

വിലക്കയറ്റത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരെ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ചിന്നക്കട പോസ്റ്റ്‌ ഓഫിസ് പടിക്ക ല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജ്യോതിബസു പിന്തുടര്‍ന്നിരുന്ന നയങ്ങളില്‍ നിന്നും മാറി മുതലാളിത്തത്തെ സഹായിക്കാനായി പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന അഭിനവ സിദ്ധാന്തം മുന്നോട്ടു വച്ച മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ്. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി മിച്ചഭൂമി വിതരണം ചെയ്ത ഇടതുപക്ഷം അതേ ഭൂമി കര്‍ഷകരില്‍നിന്നും പിടിച്ചെടുത്തു കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ ശ്രമിച്ചതിന്‍റെ ഫലമായിട്ടാണ് സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭം നടന്നതും ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടതും. ബുദ്ധദേവിന്‍റെ അതേ നവലിബറല്‍ സാമ്പത്തിക കാഴ്ചപ്പാടിന്‍റെ പിറകേയാണ് പിണറായി വിജയനും. വിദ്യാഭ്യാസ ആരോഗ്യരംഗത്ത് സ്വകാര്യവല്‍ക്കരണവും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. നിരക്കുവര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതിനെ പിന്തുണയ്ക്കുന്നതും സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതത്തിനു കാരണമാകുന്ന കെ റെയിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നതും ഈ നയ വ്യതിയാനത്തിന്‍റെ പ്രതിഫലനമാണെന്നും ദേവരാജന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ടി. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രക്കമ്മറ്റിയംഗം ബി.രാജേന്ദ്രന്‍ നായര്‍, ബൈജു മേനാച്ചേരി, ലോനപ്പന്‍, സ്റ്റാലിന്‍ പാരിപ്പള്ളി, കുരീപ്പുഴ അജിത്ത്, എസ്.എസ്.നൌഫല്‍, എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments