Subscribe Us



മഷി പുരട്ടി, ബാലറ്റിൽ വോട്ടു ചെയ്തു ചാവറ സ്കൂളിലെ വിദ്യാർത്ഥികൾ

പാലാ: ചാവറ പബ്ളിക് സ്കൂളിലെ സ്കൂൾ പാർലെമെൻ്റ് തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്കു നവ്യാനുഭവമായി. പതിവു തിരഞ്ഞെടുപ്പു രീതികൾക്കു പകരം പൊതുതിരഞ്ഞെടുപ്പ് മാതൃകയിലാണ് ഇത്തവണ സ്കൂൾ പാർലെമെൻ്റ് തിരഞ്ഞെടുപ്പ് നടത്തിയത്.

ക്ലാസ് തലത്തിൽ നടന്ന തിരഞ്ഞെടുപ്പിനു ശേഷം ഹെഡ് ബോയ്, ഹെഡ്ഗേൾ തുടങ്ങി പത്തു തസ്തികയിലേയ്ക്കാണ് എല്ലാ വിദ്യാർത്ഥികളും വോട്ടു ചെയ്തത്.
ആദ്യം വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി. തുടർന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. അതിനുശേഷം മത്സര രംഗത്തു വരാൻ താത്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശപത്രിക ക്ഷണിച്ചു. പത്തു പേർ പത്രിക സമർപ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. തുടർന്നു സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അവതരിപ്പിച്ചു മീറ്റ് കാൻറിഡേറ്റ്സ് പരിപാടി നടത്തി. തുടർന്നു ഇന്നലെ രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉൾപ്പെട്ട ബാലറ്റ് പേപ്പറുകളും തയ്യാറാക്കിയിരുന്നു. സ്കൂൾ ബാഗ്, വാച്ച്, കംപ്യൂട്ടർ, ബ്ലാക്ക് ബോർഡ്, പുസ്തകം, പേന, സ്കൂൾ ബസ്, ഗ്ലോബ്, മൈക്രോസ്കോപ്പ്, ഡിക്ഷണറി തുടങ്ങിയ ചിഹ്നങ്ങളാണ് അനുവദിച്ചിരുന്നത്.
പോളിംഗ് ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥരായും വിദ്യാർത്ഥികളായിരുന്നു അണിനിരന്നത്. സ്കൂൾ ഐഡി കാർഡ് വോട്ടർ പട്ടികയുമായി ഒത്തു നോക്കിയ ശേഷം ഇടതു കൈയ്യിലെ ചൂണ്ടുവിരളിൽ മഷി പുരട്ടിയ ശേഷം ബാലറ്റ് പേപ്പർ നൽകി ബൂത്തിലേയ്ക്ക് കടത്തിവിട്ടു. തുടർന്നു വോട്ടു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങി. രാവിലെ മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ടോം പി ജോസിൻ്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ഡിപ്പാർട്ടുമെൻ്റാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിച്ചത്.

ജനാധിപത്യ ഭരണക്രമത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാനാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്കൂളിൽ ആവിഷ്ക്കരിച്ചതെന്ന് പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് പറഞ്ഞു. കേട്ടു പരിചയം മാത്രമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ടു പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു ഏഴാം ക്ലാസ് വിദ്യാർത്ഥി ജോസഫ് കുര്യൻ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചത് നല്ലൊരു അനുഭവമായതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റലീൻ ആൻ ജെയ്സ് ചൂണ്ടിക്കാട്ടി.

Post a Comment

0 Comments