Subscribe Us



പാലായിൽ സി പി ഐ എം അടിയറവ് പറഞ്ഞു; കേരളാ കോൺഗ്രസ് എമ്മിനു രാഷ്ട്രീയ നേട്ടം: ജോസിൻ ബിനോ ചെയർമാൻ സ്ഥാനാർത്ഥി

പാലാ: കേരളാ കോൺഗ്രസ് എമ്മിൻ്റെ പിടിവാശിക്കു മുന്നിൽ പാലായിൽ സി പി ഐ എം അടിയറവ് പറഞ്ഞതിനെത്തുടർന്ന് പാലാ നഗരസഭയിലെ ഇടതുപക്ഷത്തിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായി ജോസിൻ ബിനോയെ നിശ്ചയിച്ചു. പാലാ നഗരസഭയിൽ സി പി ഐ എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക അംഗമായ ബിനു പുളിയ്ക്കക്കണ്ടത്തെ അംഗീകരിക്കുകയില്ലെന്ന കേരളാ കോൺഗ്രസ് എമ്മിൻ്റെ പിടിവാശിക്കു മുന്നിലാണ് സി പി ഐ എം പാലായിൽ അടിയറവ് പറഞ്ഞത്. 

ബിനു പുളിയ്ക്കക്കണ്ടം അല്ലാതെ ആരെയും അംഗീകരിക്കുമെന്ന നിലപാടായിരുന്നു കേരളാ കോൺഗ്രസ് എം ആദ്യം മുതൽ സ്വീകരിച്ചു വന്നത്. ഇതിനെതിരെ സി പി ഐ എം പ്രാദേശിക നേതൃത്വം ശക്തമായി രംഗത്തുവന്നുവെങ്കിലും കേരളാ കോൺഗ്രസ് എം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ വഴങ്ങിക്കൊടുക്കുകയല്ലാതെ വഴിയില്ലാതായി. ഫലത്തിൽ കേരളാ കോൺഗ്രസ് എം ചൂണ്ടിക്കാണിച്ച ആളെ സി പി ഐ എമ്മിന് ചെയർമാൻ സ്ഥാനാർത്ഥിയായി നിശ്ചയിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

ബിനുവിനെ അംഗീകരിക്കുകയില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേരളാ കോൺഗ്രസ് എം ആദ്യം മുതൽ സ്വീകരിച്ചു വന്നത്. സി പി ഐ എമ്മിനെ ആ നിലപാടിലെത്തിക്കാൻ കേരളാ കോൺഗ്രസ് എമ്മിനു കഴിഞ്ഞത് രാഷ്ട്രീയ നേട്ടമായി. സി പി ഐ എം ബിനു പുളിയ്ക്കക്കണ്ടത്തിനായി രംഗത്തു വന്നതോടെ കേരളാ കോൺഗ്രസ് എം നിലപാട് കടുപ്പിച്ചു. കേരളാ കോൺഗ്രസ്  എം നേതാവ് ബൈജു കൊല്ലംപറമ്പിലിനെ ബിനു മർദ്ദിക്കുന്ന പഴയ വീഡിയോ പുറത്തുവിട്ടു കൊണ്ടാണ് പ്രതിരോധം തീർത്തത്. ഈ സംഭവത്തിന് തൊട്ടുമുമ്പ് ബിനുവിനെ ബൈജു മർദ്ദിച്ചിരുന്നു. അതിൻ്റെ തുടർച്ചയായി ആയിരുന്നു ഇപ്പോൾ പുറത്തു വന്ന വീഡിയോയിലെ സംഭവം.

കേരളാ കോൺഗ്രസ് എമ്മിൻ്റെ പിടിവാശിക്കു മുന്നിൽ സി പി ഐ എം വഴങ്ങിയതിനുള്ള കാരണം അണികളെ ബോധ്യപ്പെടുത്താൻ പാർട്ടി നന്നായി വിയർക്കേണ്ടി വരും. 

നഗരസഭാ ചെയർമാൻ സ്ഥാനത്തേയ്ക്ക് സി പി ഐ എം നിർദ്ദേശിച്ച ജോസിൻ ബിനോ സൗമ്യ വ്യക്തിത്വമാണ്. ഇന്ന് 11 മണിക്കാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാർത്ഥി കോൺഗ്രസിലെ വി സി പ്രിൻസ് ആണ്. തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട ബിനു പുളിയ്ക്കക്കണ്ടം മാധ്യമങ്ങളെ കാണുന്നുണ്ട്. 

Post a Comment

0 Comments