Subscribe Us



നിയമനം ഇഴഞ്ഞിഴഞ്ഞ് ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍

കോട്ടയം: സ്റ്റാഫ് നേഴ്‌സ് (ഗ്രേഡ്-2) ജില്ലാതല റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. റാങ്ക് ലിസ്റ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ നിന്ന് ഇതുവരെ 14 നിയമനം മാത്രമാണ് നടന്നത്. 

അതേ സമയം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ താല്‍ക്കാലിക നഴ്‌സുമാരെ നിയമിക്കാനായി വിവിധ പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ നടപ്പിലാക്കുന്നത്.
താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലുള്ള ഒഴിവുകള്‍ ആശുപത്രികളില്‍ നിന്ന് ഡി.എം.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഈ കഴിഞ്ഞ മെയ് മാസത്തിലിറങ്ങേണ്ട പ്രമോഷന്‍ ഡിസംബര്‍ മാസത്തിലാണ് ഇറങ്ങിയത്. ആകെ 12 പ്രമോഷന്‍ ലഭിച്ചതില്‍ വെറും 5 എണ്ണമാണ് റാങ്ക് ഹോള്‍ഡേഴ്‌സിന് ലഭിച്ചത്. ബാക്കിയുള്ള 7 എണ്ണം എല്‍.ഡബ്ലു.എ.ക്കാര്‍ക്കുവേണ്ടിയും റേഷ്യോ ഫിക്‌സേഷന് വേണ്ടിയും പിടിച്ചു. പ്രമോഷന്‍ കൃത്യസമയത്ത് ഇറക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. എല്‍.ഡബ്ല്യു.എ. 5 വര്‍ഷം ആക്കി ചുരുക്കിയതിനാല്‍ നിയമനങ്ങള്‍ കുറയുന്നു.

പാലാ ജനറല്‍ ഹോസ്പിറ്റലില്‍ കിടക്കകളുടെ എണ്ണം 341 ആണ്. നിലവില്‍ ആവശ്യമായ സ്റ്റാഫ് നേഴ്‌സിന്റെ സേവനം ലഭ്യമല്ല. ആയതിനാല്‍ കിടക്കകള്‍ക്ക് ആനുപാതികമായി തസ്തിക സൃഷ്ടിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
അയ്മനം എഫ്.എച്ച്.സി., പള്ളിക്കത്തോട് എഫ്.എച്ച്.സി., പുതുപ്പള്ളി എഫ്.എച്ച്.സി., പെരുവ എഫ്.എച്ച്.സി., പാറാത്താനം എഫ്.എച്ച്.സി., കരിക്കാട്ടൂര്‍ എഫ്.എച്ച്.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സിന്റെ ഒരു തസ്തികപോലും നിലവിലില്ല. സ്ഥിരനിയമനത്തിന് അര്‍ഹതയുള്ള മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

ഡി.എം.ഒ. ഓഫീസില്‍ നിന്ന് 2020-21 ലെ 274 സ്റ്റാഫ് നേഴ്‌സിനെ ജില്ലയില്‍ നിയമിക്കണമെന്ന് പറഞ്ഞ് ഒരു പ്രപ്പോസല്‍ ആരോഗ്യവകുപ്പിലേക്ക് അയച്ചിട്ടുണ്ട്. നാളിതുവരെയായിട്ടും ഒരു നടപടിക്രമങ്ങളും നടന്നിട്ടില്ല. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആവശ്യമായ പുതിയ തസ്തികകള്‍ ഇതിനായി സൃഷ്ടിക്കാത്തതും തിരിച്ചടിയായി. രോഗി-നേഴ്‌സ് അനുപാതം പുനഃക്രമീകരിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments