Subscribe Us



പൊതുമരാമത്തിൻ്റെ 'നരബലി'ക്കു ശേഷം സ്ലാബുകൾ മാറ്റിത്തുടങ്ങി; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം വ്യാപകം

ബിപിൻ തോമസ്

പാലാ: 'നരബലി'ക്കു ശേഷം പൊതുമരാമത്ത് വകുപ്പ് ഇടപ്പാടിയിലെ കുന്നേമുറിയിൽ നടപ്പാതയും റോഡും കയ്യേറി മാസങ്ങളായി സ്ഥാപിച്ചിരുന്ന സ്ലാബുകൾ മാറ്റിത്തുടങ്ങി. 

കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് ഓട്ടോ യാത്രികയായിരുന്ന വിദ്യാർത്ഥിനി കൃഷ്ണപ്രിയ മരണമടഞ്ഞിരുന്നു. 30 ന് രാത്രി 9.30തോടെയായിരുന്നു അപകടം. കെ എസ് ആർ ടി സി ബസ് ഡിം ചെയ്യാതെ വന്നപ്പോൾ സൈഡിലേയ്ക്ക് മാറ്റിയ ഓട്ടോറിക്ഷ റോഡിലേയ്ക്ക് ഇറക്കി നിർമ്മിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിൽ തട്ടി നിയന്ത്രണം വിട്ടപ്പോൾ ബസ്സിടിക്കുകയായിരുന്നു.  കൃഷ്ണപ്രിയയുടെ സഹോദരൻ കൃഷ്ണദേവ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വല്യമ്മ ഭാർഗവിയമ്മ, പിതാവ് സുധീഷ്, മാതാവ് അമ്പിളി, മറ്റൊരു സഹോദരൻ എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരെ ഇപ്പോൾ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേയ്ക്ക് മൂന്നു മണിയോടെ മാറ്റി.

അപകടകാരണം റോഡും നടപ്പാതയും കയ്യേറി അനധികൃതമായി സ്ഥാപിച്ചിരുന്ന സ്ലാബുകളാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ്  അടിയന്തിരമായി സ്ലാബുകൾ മാറ്റിക്കൊണ്ടുള്ള നടപടി. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. 

Post a Comment

0 Comments