Subscribe Us



ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര എന്നപോലെയായി പാലായിലെ വൈദ്യുതി

പാലാ: പാലായിൽ വൈദ്യുതി 'കുതിര'യെപ്പോലെയാണ്. കുതിര എന്നു പറയുമ്പോൾ അത് യഥാർത്ഥ കുതിരയാണന്നു ആരും തെറ്റിദ്ധരിക്കേണ്ടതില്ല. കുട്ടികളൊക്കെ പറയുന്ന കടംകഥയിലെ 'കുതിര'യാണ് ഇപ്പോൾ പാലായിലെ വൈദ്യുതി.

ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന കടംകഥ പോലെയാണ് പാലായിലെ വൈദ്യുതി വിതരണ സംവിധാനം. യഥാർത്ഥ കടംകഥയിൽ ഉത്തരം ചെരുപ്പാണെങ്കിൽ പാലാക്കാരെ സംബന്ധിച്ച് ഇത് വൈദ്യുതി ആയി മാറുകയാണ്.

മഴ എപ്പോഴൊക്കെ പെയ്താലും പാലായിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുമെന്നത് നിശ്ചയമാണ്. മഴയെന്ന് പറഞ്ഞാൽ പെരുമഴ എന്നൊന്നും ഇല്ല. മഴ ചെറുതായി പൊടിഞ്ഞാൽ പോലും പാലായിലും സമീപ പ്രദേശങ്ങളിലും അപ്പാടെ വൈദ്യുതി വിതരണം നിലയ്ക്കും. 

ഈ ഏർപ്പാടിന് നാളുകളുടെ പഴക്കമുണ്ട്. ഇവ പരിഹരിക്കും എന്ന ഉറപ്പ് നൽകിയാണ് പാലായിൽ ഏരിയൽ ബ്രിജഡ് കേബിൾ അഥവാ ഏ ബി സി സംവീധാനം കൊണ്ടുവന്നത്. നേരത്തെ മഴ പെയ്താലും ചിലയിടങ്ങളിൽ വൈദ്യുതി കിട്ടുമായിരുന്നു. എന്നാൽ കേബിൾ വന്നതോടെ കാതുകുത്തിയവൻ പോയി കടുക്കനിട്ടവൻ വന്നു എന്ന അവസ്ഥയാണ്. പാലായിൽ ഒന്നടങ്കം വൈദ്യുതി തടസപ്പെടുന്ന നിലയിലേക്ക് മാറി.

വേനലിനോടനുബന്ധിച്ചു പെയ്ത എല്ലാ മഴയിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ പാലായിലെ വൈദ്യുതി വിതരണ ശൃംഖലയുടെ 'കാര്യക്ഷമത' ജനത്തിന് ബോധ്യപ്പെട്ടു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ചാർജ് പിരിഞ്ഞു കിട്ടുന്ന പ്രദേശങ്ങളിലൊന്നാണ് പാലാ. എന്നാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ അവ പുനഃസ്ഥാപിക്കണമെങ്കിൽ നല്ല നേരം നോക്കണം. പാലാ സെക്ഷൻ വലുതാണെങ്കിലും വൈകുന്നേരങ്ങളിൽ രണ്ടോ മൂന്നോ ജീവനക്കാർ മാത്രമാണ് ഉള്ളത്. 

പരീക്ഷാ സീസണായതിനാൽ വൈദ്യുതി തടസ്സം വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ഭവനിൽ വിളിച്ചാൽ കുതിരവട്ടം പപ്പു മോഡൽ 'ഇപ്പം ശരിയാക്കാം' എന്ന ഉത്തരമാണ് ലഭിക്കുക. 

Post a Comment

0 Comments