ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മാർക്സിസ്റ്റുപാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ. രാജ്യത്ത് മറ്റെവിടെയും പേരിനു പോലും പ്രതിഷേധം കാണാനാകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
കോടതി വിധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നിയമത്തിന്‍റെ വഴിനോക്കണം. ഭരണഘടനയേയും കോടതിയേയും വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു. സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്. നായന്മാരോ ഭട്ട് വിഭാഗക്കാരോ മുഴുവൻ കള്ളന്മാരെന്ന് പറഞ്ഞാൽ ആ സമുദായങ്ങൾ അത് അംഗീകരിക്കില്ല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതിനുള്ള ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയറ്റിൻ്റേത് തുടർനടപടി മാത്രമാണ്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ വിദേശശക്തികൾ ഇടപെടണം എന്ന് പറയുന്നതാണോ രാഹുൽ ഗാന്ധിയുടെ മഹത്വമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.