പാലാ: ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന വെബ്സൈറ്റിനു തകരാർ വന്നതോടെ ആളുകൾ ബുദ്ധിമുട്ടിലായി. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള parivahan.gov.in എന്ന വെബ്സൈറ്റിനാണ് തകരാർ സംഭവിച്ചത്. ഇതിലെ സാരഥി പേജ് വഴിയാണ് ഇതിനുള്ള സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങളായി സൈറ്റ് തകരാറിലാണെങ്കിലും അധികൃതർ വിവരം മറച്ചു വച്ചതിനാൽ സൈറ്റിൽ കയറി ആളുകൾ വലയുകയാണ്. ആർ ടി ഓഫീസുകളിൽ വിളിച്ചാലും കൃത്യമായ മറുപടി നൽകാത്തതും ആളുകൾക്കു ദുരിതമായി. ചിലയിടങ്ങളിൽ അപേക്ഷ ക്യാൻസൽ ചെയ്യാൻ പറഞ്ഞു കൊണ്ട് തെറ്റായ വിവരവും നൽകുന്നുണ്ട്.
സൈറ്റിൽ കയറി ആവശ്യമായ വിവരങ്ങളും രേഖകളും നൽകി കഴിയുമ്പോൾ ഫീസ് അടയ്ക്കാനുള്ള നിർദ്ദേശം ലഭിക്കും. എന്നാൽ ഫീസ് എടുക്കാതെ നിരസിച്ചു എന്ന സന്ദേശമാണ് പിന്നീട് കാണാൻ കഴിയുക.
സൈറ്റിൽ അപേക്ഷ നമ്പർ നൽകി വീണ്ടും കയറി നോക്കിയാൽ ഫീസ് അടയ്ക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായി കാണിക്കും. എന്നാൽ ഫീസ് അടയ്ക്കാനുള്ള ഓപ്ഷൻ പ്രവർത്തനരഹിതമായിട്ടാവും കാണിക്കുക. സൈറ്റിലെ ഫീസ് അടയ്ക്കാനുള്ള ഓപ്ഷനിൽ കയറിയാലും സ്ഥിതി ഇതുതന്നെയാണ്. ഫീസ് അടച്ചതു സംബന്ധിച്ചു നോക്കുന്ന പേജിൽ നോക്കിയാലും നിരസിച്ചു എന്ന അറിയിപ്പാണ് തെളിഞ്ഞു വരുന്നത്. സംസ്ഥാന സർക്കാരിൻ്റെ ട്രഷറിയുമായി ബന്ധിപ്പിക്കുന്നതിലെ തകരാറാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് സൂചന.
ഏതാനും ദിവസങ്ങളായി ഫീസ് സ്വീകരിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻറിൽ നിന്നും ഒരു ചോദ്യത്തിനുത്തരമായി 'പാലാ ടൈംസി'നോട് പറഞ്ഞു. ഇതു സംബന്ധിച്ചു സൈറ്റിൻ്റെ ചുമതല വഹിക്കുന്ന കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
തകരാർ പരിഹരിച്ചു കഴിഞ്ഞാൽ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചവർ ഫീസ് അടച്ചാൽ മതിയാകുമെന്നും വിശദീകരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.