Subscribe Us



ഡോക്ടറുടെ പേരും രജിസ്റ്റർ നമ്പരും സീലും ഇല്ലാത്ത കത്ത് നൽകി രോഗിയെ റഫർ ചെയ്തതായി പാലാ കാർമ്മൽ ആശുപത്രിക്കെതിരെ പരാതി



പാലാ: നൈറ്റ് ഡ്യൂട്ടി ഡോക്ടർ ചികിത്സ നൽകാതെ തിരിച്ചയച്ച പിഞ്ചുകുഞ്ഞ് പിന്നീട്  മരിക്കാനിടയായ സംഭവത്തിൽ ആരോപണ വിധേയരായ പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിനെതിരെ മുമ്പും പല പരാതികളും ഉയർന്നിരുന്നു. പരിചയക്കുറവുള്ള ഡോക്ടർമാരെ വൈകുന്നേരവും രാത്രിയും അത്യാഹിത വിഭാഗത്തിൽ നിയോഗിക്കുന്നുവെന്ന പരാതി ഇക്കഴിഞ്ഞ ഡിസംബറിൽ  കോട്ടയം ജില്ലാ മെഡിക്കൽ സൂപ്രണ്ടിനു ലഭിക്കുകയും ഇതേത്തുടർന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കോട്ടയം ഡി എം ഒ 'പാലാ ടൈംസി'നോട് സ്ഥിരീകരിച്ചു. 

വയറ്റിൽ വേദന പോലെ അനുഭവപ്പെട്ടതിനെത്തുടർന്നു പാലാ സ്വദേശിയായ യുവാവ് കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ചികിത്സതേടിയ സംഭവമാണ് പരാതിക്കിടയാക്കിയത്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ 20 മിനിറ്റുകൊണ്ട് നാലോളം കുത്തിവയ്പ്പുകളാണ് നൽകിയത്. തുടർന്നും വേദന ശമിക്കാതെ വന്നപ്പോൾ മറ്റൊരു ആശുപത്രിലേയ്ക്ക് മാറുകയാണെന്ന് യുവാവ് അറിയിച്ചതിനെത്തുടർന്ന് റഫർ ചെയ്തുകൊണ്ട് കാർമ്മൽ മെഡിക്കൽ സെൻ്ററിൻ്റെ ഔദ്യോഗിക  ലെറ്റർഹെഡിൽ നൽകിയ കത്തിൽ ഡോക്ടറുടെ പേരോ രജിസ്റ്റർ നമ്പരോ സീലോ ഇല്ലായിരുന്നു.  

പിന്നീട് മറ്റൊരാശുപത്രിയിൽ നടത്തിയ പരിശോധനയിൽ നട്ടെല്ലിനുണ്ടായ അസുഖമാണെന്ന് വേദനയ്ക്ക് ഇടയാക്കിയതെന്നു കണ്ടെത്തുകയും തുടർന്ന് ഇപ്പോഴും ചികിത്സയിലുമാണ് യുവാവ്. പരിശോധന നടത്താതെ ആൾക്കഹോളിക് എന്ന് ഡോക്ടർ കത്തിൽ കുറിയ്ക്കുകയും ചെയ്തിരുന്നു. തെറ്റായ ഈ വിവരം മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ആ കത്ത് മാറ്റി നൽകില്ലെന്ന നിലപാടിലായിരുന്നു. ഏതു ഡോക്ടറാണ് ഇത് കുറിച്ചതെന്ന് ആശുപത്രി അധികൃതർക്കു അറിയാൻ കഴിയാതെയും വന്നു. രജിസ്റ്റർ നമ്പരും സീലും പേരുമില്ലാതെ നൽകിയ കത്ത് ചൂണ്ടിക്കാട്ടിയപ്പോൾ പിന്നീട് നേരത്തെ ചികിത്സ തേടിയിരുന്നതായി മറ്റൊരു കത്ത് യുവാവിന് നൽകി.  ചികിത്സ തേടിയ ദിവസം ചികിത്സയ്ക്കായി യുവാവ്  എത്തിയിരുന്നുവെന്നു പറഞ്ഞ കത്താണ് നൽകിയത്. കത്ത് മാറ്റി വാങ്ങാൻ ചെന്ന രോഗിയുടെ ബന്ധുവിനോട് ആശുപത്രി അധികൃതർ മോശമായി പെരുമാറുകയാണുണ്ടായതെന്നും പറയപ്പെടുന്നു.

പേരോ സീലോ രജിസ്റ്റർ നമ്പരോ ഇല്ലാതെ റഫറിംഗ് ലെറ്റർ നൽകിയതിൽ സംശയം പ്രകടിപ്പിച്ചാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കു പരാതി നൽകിയത്. പരിചയക്കുറവോ റഷ്യ, ഉക്രെയിൻ എന്നിവിടങ്ങളിൽ നിന്നോ പഠനം പൂർണ്ണമായും പൂർത്തിയാക്കാത്തവരോ ആയതിനാലാവാം സീൽ ഉപയോഗിക്കാത്തതെന്ന സംശയവും  ഡി എം ഓ യ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. പരിശോധന നടത്തിയെന്ന് ഡി എം ഒ സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരനെ ഇതേവരെയും പരാതി സംബന്ധിച്ച് സ്വീകരിച്ച നടപടി അറിയിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പിഞ്ചുകുഞ്ഞിനെ ചികിത്സ നൽകാതെ തിരിച്ചയയ്ക്കുകയും പിന്നീട് മരണമടയുകയും ചെയ്തുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

Post a Comment

0 Comments