നീറന്താനം: ചികിത്സയ്ക്കെത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി മരിച്ച കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്തുവന്നു. പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിനെതിരെയാണ് മരിച്ച അക്ഷരയുടെ പിതാവ് രാമപുരം നീറന്താനം മുകേഷ്ഭവനിൽ മുകേഷ്കുമാർ, മാതാവ് ഗീതു, മുകേഷ്കുമാറിൻ്റെ മാതാവ് എം എസ് കലാമണി എന്നിവർ രംഗത്തുവന്നത്.
അസുഖബാധിതയായ കുട്ടിയെ രാത്രിയിൽ കാർമ്മൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ക്യാഷ്വാലിറ്റി വിഭാഗത്തിലെ ഡോക്ടർ മതിയായ ചികിത്സ ലഭ്യമാക്കാതെ മടക്കി അയച്ചതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഇവർ ആരോപിച്ചു.
ഇക്കഴിഞ്ഞ ഒന്നിന് രാത്രിയിൽ അക്ഷരയ്ക്ക് ശ്വാസതടസ്സവും കുറുകലും ഉണ്ടായതിനെത്തുടർന്നാണ് കാർമ്മൽ മെഡിക്കൽ സെൻ്ററിൽ എത്തിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരനായ ഡോക്ടർ കുട്ടിയെ പരിശോധിച്ചശേഷം യാതൊരു പ്രശ്നവും ഇല്ലെന്നു തങ്ങളോട് പറഞ്ഞതായി ഇവർ പരാതിപ്പെടുന്നു. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും ഡോക്ടർ പ്രശ്നമില്ലെന്നു ആവർത്തിക്കുകയായിരുന്നു. കുട്ടിയുടെ എക്സ്റേ എടുക്കാനോ രക്തപരിശോധന നടത്താനോ പോലും തയ്യാറായില്ല. കുരുന്നുകുട്ടികൾ അസുഖബാധിതരായാൽ തലയിലും കവിളിലും ഒക്കെ സൂചനകൾ കാണാനാകുമെന്ന് തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു മടക്കി അയയ്ക്കുകയാരുന്നുവെന്ന് മുകേഷ്കുമാറും ഗീതുവും പറഞ്ഞു. കുട്ടികളെ നോക്കാൻ ഡോക്ടർക്കു പ്രാപ്തി ഉണ്ടായിരുന്നുവോ എന്ന് തങ്ങൾക്ക് ഇപ്പോൾ സംശയമുണ്ട്. പ്രവർത്തന പരിചയമില്ലാത്തതാണ് കുട്ടി തിരിച്ചയയ്ക്കാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി. പരിശോധിക്കാൻ അറിയില്ലെങ്കിൽ മറ്റൊരു ആശുപത്രിയിലേയ്ക്ക് റഫർ ചെയ്താൽ മതിയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കു പനി ഉണ്ടായിരുന്നു. ശ്വാസതടസ്സവും കുറുകലും അതേത്തുടർന്നു വന്നതാകാമെന്ന് കരുതിയാണ് രാത്രിയിൽ തന്നെ കൊണ്ടുവന്നത്. മൂത്തകുട്ടിയും മുഴുവൻ കുടുംബാംഗങ്ങളും ചികിത്സ തേടാറുള്ളത് കാർമ്മൽ മെഡിക്കൽ സെൻ്ററായതുകൊണ്ടാണ് രാത്രിയിൽ അവിടേയ്ക്ക് തന്നെ പോയതെന്നും അവർ വ്യക്തമാക്കി.
രണ്ടാം തിയതി രാവിലെയും കുട്ടി അസ്വസ്തത തുടർന്നതോടെയാണ് കുട്ടികളുടെ ഡോക്ടറെ കാണിക്കാനായി വീണ്ടും കാർമ്മൽ ആശുപത്രിയിൽ കൊണ്ടുവന്നത്. വരും വഴി അമ്മയുടെ കൈയിൽ കുട്ടിയുടെ വിരൽ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടനെ എല്ലാവരെയും പുറത്താക്കി ഡോക്ടർ പരിശോധിച്ചു. പിന്നീട് ഇടയ്ക്ക് നോക്കിയപ്പോൾ നെബുലൈസേഷൻ നൽകുന്നത് കണ്ടു. കുറച്ചു നേരത്തിനു ശേഷം നഴ്സുമാർ എവിടേയ്ക്കൊക്കയോ ഫോൺ വിളിക്കുന്നത് കേട്ടു. പൾസ് ഉണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു കന്യാസ്ത്രീ വന്ന് കുട്ടിക്ക് എന്തായിരുന്നു പ്രശ്നമെന്നു ചോദിച്ചു. ശ്വാസതടസ്സവും കുറുകലുമാണെന്ന് അപ്പോഴും പറഞ്ഞു. പിന്നീട് കുട്ടി മരിച്ചു പോയെന്നും രക്ഷിക്കാനായില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
പോലീസ് എത്തിയപ്പോൾ കുട്ടിയെ മരിച്ചാണ് എത്തിച്ചതെന്നാണ് കന്യാസ്ത്രീ തങ്ങളുടെ മുന്നിൽ വച്ച് മൊഴി കൊടുത്തതെന്ന് ഇവർ കുറ്റപ്പെടുത്തി. കുട്ടിയുടെ കൈയ്യിലും കാലിലും രക്തമെടുത്ത പാടുകൾ കണ്ടിരുന്നു. മരിച്ച കുട്ടിയാണെങ്കിൽ എന്തിനാണ് രക്തമെടുത്തതെന്ന് ഇവർ ചോദിക്കുന്നു. കൊണ്ടുവരുമ്പോൾ മരിച്ചിരുന്നുവെങ്കിൽ അപ്പോൾ തന്നെ എന്തുകൊണ്ടു പറഞ്ഞില്ലെന്നും ഇവർ കുറ്റപ്പെടുത്തി. തലേന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. കൂടെ വന്ന ബന്ധുക്കൾ മരണവാർത്ത അറിഞ്ഞ് വികാരഭരിതരായപ്പോൾ ആശുപത്രി സംരക്ഷണ നിയമം ചൂണ്ടിക്കാണിച്ച് ജയിലിൽ പോകേണ്ടി വരുമെന്ന് പോലീസ് പറഞ്ഞതായും ഇവർ വ്യക്തമാക്കി.
കാർമ്മൽ മെഡിക്കൽ സെൻ്റർ അധികൃതരുടെയും കുട്ടിയെ മടക്കി അയച്ച ഡോക്ടറുടെയും ഗുരുതരമായ അനാസ്ഥയാണ് കുരുന്ന് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഇവർ കുറ്റപ്പെടുത്തി. തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അന്വേഷണം നടത്തി മാതൃകാപരമായി നടപടിയെടുക്കണമെന്നും മുകേഷ്കുമാറും ഗീതുവും കലാമണിയും ആവശ്യപ്പെട്ടു. കലാമണിയുടെ പരാതിയെത്തുടർന്ന് പാലാ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.