പാലാ: മൂന്നാം വിവാഹത്തിനു ശ്രമിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെൺവീട്ടുകാരുടെ പരാതിയെത്തുടർന്നു ബാംഗ്ലൂരിൽ മെക്കാനിക്കൽ എഞ്ചിനീയറായ പാലാ സ്വദേശിയെ പോലീസ് ചോദ്യം ചെയ്യുന്നതായി വിവരം ലഭിച്ചു. കൊഴുവനാൽ സ്വദേശിയായ വിഷ്ണു എന്നയാളെയാണ് പെൺവീട്ടുകാരുടെ പരാതിയെത്തുടർന്ന് പാലാ പോലീസ് ചോദ്യം ചെയ്തു വരുന്നത്.
ബാംഗ്ലൂരിൽ അധ്യാപികയായ ആലുവാ സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് നടപടിയെന്നറിയുന്നു. ബാംഗ്ലൂരിൽ വച്ച് യുവതിയുമായി പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകുകയായിരുന്നുവെന്നും പെൺകുട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ആലുവയിൽ വീട്ടുകാരുമായി സംസാരിച്ചു കല്യാണം ഉറപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ പെൺകുട്ടിയുടെ പിതാവിൽ നിന്നും അഞ്ച് ലക്ഷം രൂപയോളം യുവാവ് വാങ്ങിച്ചതായി പെൺകുട്ടിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പിന്നീട് വിവാഹം നടത്തുന്നതിൽ നിന്നും തന്ത്രപരമായി ഒഴിവാകാൻ യുവാവ് ശ്രമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് നേരത്തെ രണ്ട് വിവാഹങ്ങൾ കഴിച്ചുവെന്ന് കണ്ടെത്തിയതെന്നും ഇവർ വ്യക്തമാക്കി. ആദ്യവിവാഹം മലേഷ്യൻ സ്വദേശിനിയുമായും രണ്ടാമത്തെ വിവാഹം തമിഴ്നാട്ടുകാരിയുമായും നടത്തിയിരുന്നതായി കണ്ടെത്തിയെന്ന് ഇവർ വ്യക്തമാക്കി. മലേഷ്യൻ യുവതിയും യുവാവിനെ ചോദ്യം ചെയ്യുന്നതറിഞ്ഞ് പാലായിൽ എത്തിയിട്ടുണ്ട്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.