Subscribe Us



ഡോ സന്ധ്യയുടെ അന്വേഷണമികവിന് വീണ്ടും അംഗീകാരം

പാലാ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച് ക്രൂരമായി കൊല ചെയ്ത പ്രതിക്കെതിരായ വധശിക്ഷ ഹൈക്കോടതി ശരിവച്ചപ്പോൾ മുൻ ഡി.ജി.പി. ഡോ.ബി.സന്ധ്യയുടെ അന്വേഷണ മികവിന് ഒരിക്കൽ കൂടി അംഗീകാരമായി. ഇതേക്കുറിച്ച് എഴുത്തുകാരൻകൂടിയായ സനൽ പി തോമസ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത് താഴെ തുടരുന്നു.

സൗത്ത് സോൺ എ.ഡി.ജി.പി ആയിരിക്കെ ഈ കേസ് അന്വേഷണം തുടങ്ങിയ ദിവസം ഓർക്കുന്നു. അന്ന് കാറിൽ ഇരുന്ന് ഡോ.സന്ധ്യ എന്തിനോ എന്നെ ഫോണിൽ വിളിച്ചു. ഞാൻ അപ്പോൾ കോട്ടയം കുടമാളൂർ പളളിയിൽ ആയിരുന്നു. വർഷങ്ങളായി ചൊവ്വയും വെള്ളിയും രാവിലെ  ഈ പള്ളിയിൽ പോയി പ്രാർഥിക്കുക പതിവാണ്. അതിലൊരു ദിവസമായിരുന്നത്. ഞാൻ പളളിയിൽ ആണെന്നും കേസ് അന്വേഷണം വിജയിക്കാൻ പ്രത്യേകം പ്രാർഥിക്കാമെന്നും പറഞ്ഞു. സന്തോഷമെന്നു പറഞ്ഞ് സന്ധ്യ ഫോൺ വച്ചു.
കേസ് അന്വേഷിക്കാൻ പ്രതിയെ മർദിക്കേണ്ടതില്ലെന്നു വിശ്വസിക്കുന്ന സന്ധ്യ പല അന്വേഷണ അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. അതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് പാറ്റൂർ പള്ളിയിലെ തിരശീല കത്തിച്ച സംഭവമാണ്. വിശ്വാസികളിൽ തന്നെ പല വിഭാഗങ്ങൾ ഉള്ളതിനാൽ ആരോപണം പല വഴിക്കു നീങ്ങി. പക്ഷേ, ഒറ്റക്കൈയുള്ള ഒരു മോഷ്ടാവിലാണ് സന്ധ്യയുടെ അന്വേഷണം അവസാനിച്ചത്. അറസ്റ്റ് വാർത്ത വായിച്ചൊരു ജഡ്ജി സന്ധ്യയെ വിളിച്ചു താൻ ഇതേ പ്രതിയെ, ഒരു കൈയ്യില്ലെന്നതിൻ്റെ പേരിൽ മുൻപ് മറ്റൊരു കേസിൽ വിട്ടയച്ച കാര്യം പറഞ്ഞു.
സന്ധ്യയുടെ പുസ്തക പ്രകാശന ചടങ്ങുകളിൽ പലതിലും പങ്കെടുത്തിട്ടുണ്ട്. രാമായണത്തെ ആസ്പദമാക്കി എഴുതിയ "ഇതിഹാസത്തിൻ്റെ ഇതളുകൾ " എന്ന നോവൽ പ്രകാശനം ചെയ്തപ്പോൾ പോകാൻ സാധിച്ചില്ല.പ്രായശ്ചിത്തമായി അടുത്ത ദിവസം തന്നെ മാതൃഭൂമി ബുക്ക്സ്റ്റാളിൽ പോയി പുസ്തകം വാങ്ങി.തൻ്റെ പുസ്തക പ്രകാശനത്തിന് രാഷ്ട്രീയക്കാരെ ഒഴിവാക്കാൻ അവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു.അതുപോലെ അവാർഡ് തുക സ്വീകരിച്ചിരുന്നില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സന്ധ്യ ഒദ്യോഗിക ചർച്ചയ്ക്കു വന്നു പോയതിനു പിന്നാലെ ഞാൻ അദ്ദേഹത്തെ എന്തിനോ വിളിച്ചു. " സത്യസന്ധയാണ് " .സന്ധ്യ വന്ന കാര്യം സൂചിപ്പിച്ച ഉമ്മൻ ചാണ്ടി പറഞ്ഞു.
എൻ്റെ പുസ്തക പ്രകാശനങ്ങളിൽ അവർ കുടുംബമായി എത്തുമായിരുന്നു. ഇപ്പോൾ മെഡിസിൻ പിജിക്കു പഠിക്കുന്ന മകൾ ഹൈമ അന്നു പറയുമായിരുന്നു." ആരെയും തല്ലാത്ത അമ്മ എന്നാ പോലീസാ" .(ഋഷിരാജ് സിങ് അങ്കിളിൻ്റെ മീശയിൽ തൊടണമെന്നായിരുന്നു സ്കൂൾ കുട്ടിയായിരിക്കുമ്പോൾ ഹൈമയുടെ ആഗ്രഹം)
സന്ധ്യയുടെ ഭർത്താവ് മധു സാർ (കേരള സർവ കലാശാലാ കൺട്രോളർ ഓഫ് എക്സാം ആയിരുന്ന ഡോ.കെ.മധുകുമാർ) ഇടയ്ക്ക് കോട്ടയം വാഴൂർ എൻ.എസ്.എസ്. കോളജിൽ പ്രിൻസിപ്പൽ ആയിരുന്നപ്പോൾ മിക്കവാറും വിളിക്കുമായിരുന്നു.
എനിക്ക് ഡോ.സന്ധ്യയുമായുള്ള സൗഹൃദം  അറിയാവുന്ന മനോരമ പത്രാധിപ സമിതിയിലെ ഒരു ഉന്നതൻ ഒരിക്കൽ ഒരു അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ചോദിക്കാൻ എന്നെ ഏല്പിച്ചു. തിരുവനന്തപുരത്തെ റിപ്പോർട്ടർമാർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലത്രെ. ഞാൻ പറഞ്ഞു. " ഞാൻ വിളിച്ചാൽ ഫോൺ ഏടുക്കും. പക്ഷേ, അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കിട്ടില്ല". അതു തന്നെ സംഭവിച്ചു.അതാണു ഡോ.ബി സന്ധ്യ. വിട്ടുവീഴ്ചയില്ലാത്ത ഐ.പി.എസ്. ഉദ്യോഗസ്ഥ.

Post a Comment

0 Comments