പാലാ: പാലാ കൊട്ടാരമറ്റത്ത് ഫ്രീക്കന്മാരുടെ ബൈക്ക് വിളയാട്ടം. വിളയാട്ടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് തട്ടി ഒരാൾക്ക് പരുക്ക്. കന്യാസ്ത്രീ അടക്കം മൂന്നു പേർ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നടൻ ഉദയൻ കാരാപ്പുഴയ്ക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. ബൈക്ക് നിയന്ത്രണം വിട്ടപ്പോൾ ബൈക്ക് യാത്രികരുടെ കൈയ്യിൽ ഉണ്ടായിരുന്ന സാധനം തട്ടിയാണ് കാൽനടയാത്രികനായ ഉദയന് പരുക്കുപറ്റിയത്. രാവിലെ പത്തരയോടെ കൊട്ടാരമറ്റം ബസ് ടെർമിനിലിന് സമീപമാണ് സംഭവം. സംഭവത്തെത്തുടർന്നു നാട്ടുകാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളവരും ഓടിക്കൂടി.
ഫ്രീക്കന്മാരുടെ നടപടിയിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. അമിതവേഗതയിൽ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നിത്യസംഭവമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ബൈക്ക് തെന്നി വീണപ്പോൾ റോഡിൽ മീറ്ററുകളോളം ദൂരത്തിൽ പാടുകൾ ദൃശ്യമായിട്ടുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പാലാ പോലീസും മോട്ടോർവാഹന വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി. ഇവരോട് നാട്ടുകാർ പൊട്ടിത്തെറിച്ചു. സാധാരണക്കാർക്കെതിരെ പാർക്കിംഗിൻ്റെ പേരിൽ പോലും നടപടി എടുക്കുന്നവർ അപകടകരമായ രീതിയിൽ ബൈക്ക് റേസ് നടത്തുന്നതിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചു. ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവച്ച നിലയിലായിരുന്നു.
തുടർന്നു ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. കർശന നടപടി ഉണ്ടാകുന്നെന്ന് മോട്ടോർ വാഹന അധികൃതർ നാട്ടുകാർക്കു ഉറപ്പ് നൽകി.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.