Subscribe Us



കോടതി ഉത്തരവ് കാറ്റിൽപ്പറത്തി പോലീസിൻ്റെ ഒത്താശയോടെ വെയിറ്റിംഗ് ഷെഡും പൊതുനിരത്തും കയ്യേറി പാലായിൽ പന്തൽ നിർമ്മാണം തകൃതി

പാലാ: കോടതി ഉത്തരവ് കാറ്റിൽപ്പറത്തി പോലീസിൻ്റെ ഒത്താശയോടെ വെയിറ്റിംഗ് ഷെഡും പൊതുനിരത്തും കയ്യേറി പാലായിൽ പന്തൽ നിർമ്മാണം തകൃതി. പാലാ നഗരസഭാ ഷോപ്പിംഗ് കോംപ്ലെക്സിനു എതിർവശത്തെ വെയിറ്റിംഗ് ഷെഡ് കയ്യേറിയാണ് പന്തൽ നിർമ്മാണം നടത്തുന്നത്.

പൊതുനിരത്തുകൾ കൈയ്യേറരുതെന്ന് കോടതി നിർദ്ദേശം നിലനിൽക്കെയാണ് നിയമസംവീധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പന്തൽ നിർമ്മാണം. ഇതിനെതിരെ കർശന നടപടിയെടുക്കേണ്ട പോലീസാവട്ടെ നടപടി എടുക്കാതെ ഈ നിയമവിരുദ്ധ നടപടിക്ക് ഒത്താശ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാലാ നഗരസഭയും പൊതുമരാമത്ത് വകുപ്പും ഇക്കാര്യത്തിൽ ഗുരുതരമായ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാരും വ്യാപാരികളും  കുറ്റപ്പെടുത്തി.
എന്തെങ്കിലും അത്യാവശ്യത്തിന് വാഹനം റോഡിൽ നിറുത്തിയാൽ സൈപ്പിംഗ് മെഷ്യനുമായി ഓടിയെത്തുന്ന പോലീസിനെ ഇത്തരം നിയമലംഘനങ്ങൾ കാണാറില്ലെന്നു നാട്ടുകാർ പറയുന്നു. 

വെയ്റ്റിംഗ് ഷെഡ് അപ്പാടെ കയ്യേറിയാണ് വലിയ പന്തൽ സ്ഥാപിക്കുന്നത്. ഇതുമൂലം പന്തലിനു വെളിയിൽ ആണ് ബസുകൾ നിറുത്തുന്നത്. മഴക്കാലമായതിനാൽ മഴ നനഞ്ഞ് വേണം ബസ്സിൽ കയറാൻ. പലപ്പോഴും ഒന്നും രണ്ടും ദിവസം പന്തൽ നിലനിർത്തും. താല്ക്കാലിക സ്റ്റേജും ഇവിടെ പണി കഴിക്കുന്നുണ്ട്. പരിപാടിക്കായി പന്തലിൽ കസേരകളും നിരത്തും. ഈ നടപടികളാകെ പൊതുജനദ്രോഹമായി മാറിക്കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. ഇങ്ങനെ അനധികൃത പന്തൽ നിർമ്മാണം നടത്തുന്നത് രാഷ്ട്രീയ കക്ഷികൾ മാത്രമല്ല സർവ്വീസ് സംഘടനകളും മത സംഘടനകളും ഉണ്ട്.
പാലായിൽ സിവിൽ സ്റ്റേഷനു സമീപം പാലാ നഗരസഭ വർഷങ്ങൾക്കു മുമ്പ് 50 ലക്ഷം രൂപ ചെലവൊഴിച്ച് പ്രോഗ്രാം സ്‌റ്റേജ് നിർമ്മിച്ചെങ്കിലും ഇതേ വരെ ഒരു പരിപാടി പോലും നടത്തിയതായി ഓർമ്മയില്ലെന്നു പാലാക്കാർ ചൂണ്ടിക്കാട്ടി. ഈ അനധികൃത നടപടിക്കെതിരെയും നടപടി എടുക്കാത്തതിനെതിരെയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പാലായിലെ ചില സംഘടനകൾ. 

Post a Comment

0 Comments